
എറണാകുളം: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസ് ആണെന്ന വിചിത്ര വാദവുമായി സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തി.(Kala Raju's abduction case )
അവരെ അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുൻപ് കാണാതായെന്നും, എവിടെയായിരുന്നുവെന്ന് കല രാജു വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കല രാജു കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൻ്റെ വാഹനത്തിൽ കയറിയെന്നും, ഇരുവരും സി പി എം ഓഫീസിൽ എത്തിയെന്നും പറഞ്ഞ സി എൻ മോഹനൻ, കൗൺസിലർ സുരക്ഷിതയാണെന്ന് പോലീസെത്തി ഉറപ്പുവരുത്തിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്നും, വീണ്ടും സംസാരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി സി പ്രസിഡൻറും രണ്ട് എം എൽ എമാരും കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനെത്തിയത് എന്തിനാണെന്നാണ് സി എൻ മോഹനൻ ചോദിക്കുന്നത്.