
കൊച്ചി: വായ്പ വാഗ്ദാനം ചെയ്ത് നിരന്തരം ഫോണിലൂടെ ബുദ്ധിമുട്ടിച്ച ഫിനാൻസ് കമ്പനിയുടെ നടപടി വിലക്കി ഉത്തരവ് പുറപ്പെടുവിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. സ്വകാര്യതാ അവകാശത്തിൽ ഒരാളുടെ വ്യക്തിപരമായ സ്ഥലത്തും ജീവിതത്തിലും അനാവശ്യമായ കടന്നുകയറ്റത്തിൽനിന്നുള്ള സംരക്ഷണം ഉൾപ്പെടുന്നതായും പ്രത്യേകിച്ച് ജോലി സമയത്ത് പരാതിക്കാരനെ ആവർത്തിച്ച് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും കമീഷൻ പ്രസിഡൻറ് ഡി.ബി. ബിനു, മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ െബഞ്ച് വിലയിരുത്തി. (Consumer Court)
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ നിഥിൻ രാമകൃഷ്ണൻ, ബജാജ് ഫിൻസർവിൽനിന്നുള്ള അനാവശ്യ കാളുകളെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. നിരവധി തവണ അഭ്യർഥിച്ചിട്ടും ഡി.എൻ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും കാളുകൾ തുടർന്നു. ഇത് പരാതിക്കാരന്റെ അക്കാദമിക് പ്രവർത്തനങ്ങളെയും അന്തർദേശീയ സംഘടനയിലെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
എതിർകക്ഷികളോട് അനാവശ്യ കാളുകളും നിർത്തിവെക്കാൻ കമീഷൻ ഉത്തരവിട്ടു. അതേസമയം എതിർകക്ഷിയിൽനിന്ന് നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ കോടതി മാർച്ച് നാലിന് തുടർവാദം കേൾക്കും.