
കൊച്ചി: 17കാരിയായ മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് മാതാവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. 2021 ലെടുത്ത കേസിൽ തൃശൂർ അഡീ. ജില്ല കോടതിയുടെ പരിണനയിലുള്ള തുടർ നടപടികളാണ് ഹൈകോടതി റദ്ദാക്കിയത്. (POCSO case)
പീഡനത്തിനിരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമ പ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. എന്നാൽ, ബോധപൂർവം വിവരമറിയിക്കാതിരുന്നതല്ലെന്നും പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്നതറിയുമ്പോഴുളള മാതാവിന്‍റെ മാനസികാവസ്ഥയടക്കം കണക്കിലെടുക്കണമെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഈ വാദവും കോടതി പരിഗണിച്ചു.
ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വിലയിരുത്തി. അമ്മ വിവരം നൽകാൻ വൈകിയെങ്കിലും ജൂൺ മൂന്നിന് ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും പിറ്റേന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.