
കൊച്ചി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിൻ്റെ പക്കൽ അകപ്പെട്ട 23-കാരിയെ പോലീസ് രക്ഷപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിനിയെ ആണ് രക്ഷിച്ചത്(A sex racket came to light after a complaint of abducting a young woman: a Bangladeshi woman was rescued). പിടികൂടിയ സംഘത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ബെംഗളൂരു സ്വദേശിനി സെറീന, വരാപ്പുഴ സ്വദേശി വിപിൻ, തിരുവനന്തപുരം സ്വദേശിനി ജഗിദ എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പോണേക്കര മനക്കപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചു വന്നിരുന്നത്. ബെംഗളൂരു സ്വദേശിനിയായ സെറീനയാണ് യുവതിയെ ജഗിദക്കു കൈമാറിയത്. കഴിഞ്ഞ ദിവസം സെറീന ഇവിടെ എത്തുകയും ജഗിദയുമായി പണത്തെച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തനിക്കു യുവതിയെ തിരികെ നൽകാൻ ആവശ്യപ്പെടുകയും യുവതി അവിടെയില്ലെന്നു മനസിലാക്കി തട്ടിക്കൊണ്ടുപോയതായി പോലീസിനു പരാതി നൽകുകയായിരുന്നു.
എളമക്കര പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ പെരുമാറ്റത്തിലും മൊഴികളിലും ചേർച്ചക്കുറവും തോന്നിയതോടെ ആണ് വിശദമായി ചോദ്യം ചെയ്തത്. അപ്പോഴാണ് റാക്കറ്റിനെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയത്. യുവതി വിപിനൊപ്പമുണ്ടെന്ന് ജഗിദ വെളിപ്പെടുത്തി.
പോലീസിൻ്റെ നിർദ്ദേശപ്രകാരം വിപിനെ വിളിച്ച് മനക്കപ്പറമ്പിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജഗിദ വിളിച്ചതിനെ തുടർന്ന് യുവതിയുമായി വിപിൻ എത്തി. തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തതായി യുവതി പോലീസിനു മൊഴി നൽകി.പതിമൂന്ന് വയസ്സുള്ളപ്പോഴാണ് യുവതി ഇന്ത്യയിൽ വന്നതെന്നും ഏതാനും ആഴ്ചകൾക്ക് മുൻപാണ് കൊച്ചിയിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. യുവതിയുടെ പരാതി പ്രകാരമാണ് മുന്ന് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടാകുമെന്നാണ് നിഗമനം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ജോലിക്കു വേണ്ടി ഇന്ത്യയിൽ എത്തിയ യുവതി പിന്നെ സെക്‌സ് റാക്കറ്റിൻ്റെ കൈയിൽ അകപ്പെടുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.