
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ജീവിതം സിനിമയാവുകയാണ്. റിപ്പോർട്ടുകളനുസരിച്ച് ഈ സിനിമ നിർമ്മിക്കുന്നത് ടി-സീരീസിലെ ഭൂഷൺ കുമാറും, 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയും ആണ്. നിലവിൽ ബയോപിക്കിൻ്റെ സംവിധായകനെയും അഭിനേതാക്കളെയും തീരുമാനിച്ചിട്ടില്ല.
ഈ വാർത്ത ഭൂഷൺ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെ പ്രചോദിപ്പിക്കുന്നതാണ് യുവരാജ് സിങ്ങിൻ്റെ ജീവിതമെന്ന് പറഞ്ഞ അദ്ദേഹം, പറയേണ്ടതും കേൾക്കേണ്ടതുമായ ഈ കഥ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നതിൻ്റെ ത്രില്ലിലാണ് താനെന്നും പ്രതികരിച്ചു. യുവരാജ് സിംഗിനെ രവി ഭാഗ്ചന്ദ്ക വിശേഷിപ്പിച്ചത് എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ഇതിഹാസമെന്നാണ്.
സിനിമ മറ്റുള്ളവരെ സ്വന്തം വെല്ലുവിളികൾ അതിജീവിക്കാൻ പ്രചോദിപ്പിക്കണമെന്നാണ് യുവരാജ് അറിയിച്ചത്.
ക്രിക്കറ്റ് ലോകത്തേക്ക് യുവരാജ് സിംഗിൻ്റെ അരങ്ങേറ്റം പതിമൂന്നാം വയസ്സി;ലാണ്. പഞ്ചാബിൻ്റെ അണ്ടർ 16 ക്രിക്കറ്റ് ടീമിലാണ് അദ്ദേഹം കളിച്ചത്. ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ 2007ലെ ടി20 ലോകകപ്പിൽ ഒരോവറിൽ 6 സിക്‌സറുകൾ പറത്തിയ അദ്ദേഹം ചരിത്രത്തിൻ്റെ താളുകളിൽ ഇടംനേടി.
ക്രിക്കറ്റ് കളത്തിൽ എതിരാളികളോടെന്ന പോലെ ജീവിതത്തിൽ കാൻസറിനോട് പോരാടിയ അദ്ദേഹം വിജയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത് 2019ലാണ്.