

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അഖില്‍ വിശ്വനാഥ് (29) അന്തരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ് കുമാറാണ് ഫെയ്സ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്. അഖിലിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.
നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചോല. ചിത്രത്തിൽ കാമുകന്‍റെ വേഷത്തിലാണ് അഖിൽ എത്തിയത്. അഖിലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി.
"അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒടിടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു." - എന്നാണ് സനൽകുമാർ കുറിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സഹോദരനൊപ്പം അഭിനയിച്ച ടെലിഫിലിമിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യവെയാണ് സനല്‍കുമാറിന്റെ ചോലയിലേക്കുളള അവസരമെത്തുന്നത്.