
മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരപുത്രിമാരാണ് കല്യാണി പ്രിയദർശനും അഹാന കൃഷ്ണയും. ഇരുവരും തങ്ങളുടെതായ രീതിയിൽ മലയാള സിനിമയിൽ ഇടം നേടിയവരാണ്. നെപ്പോകിഡുകൾ എന്ന വിമർശനങ്ങൾ നേരിടുമ്പോഴും തങ്ങളുടേതായ ഒരു ഇടം മാതാപിതാക്കളുടെ പേരിൽ അല്ലാതെ തന്നെ നേടിയെടുക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ലോക എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശൻ തന്റെ വിമർശകർക്ക് മറുപടി നൽകിയത്. യഥാർത്ഥത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും ലോകയും കല്യാണിയും തന്നെയാണ്.
അതിനിടെ, 30 വയസിലേക്ക് കടന്ന അഹാനയ്ക്ക് കല്യാണി നൽകിയ ആശംസയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ. ഏതൊരു പെണ്ണും മോഹിക്കുന്ന രീതിയിൽ ആണ് അഹാന കൃഷ്ണയുടെ ജീവിതം. താരം തന്റെ ജീവിതത്തിൽ സാധ്യമാക്കുന്ന പല സ്വപ്നങ്ങളും മറ്റുള്ളവർ ആശ്ചര്യത്തോടെയാണ് നോക്കി കാണാറുള്ളത്. തന്റെ ആഗ്രഹങ്ങളെയും മോഹങ്ങളെയും താരം എഴുതി കുറിച്ചു സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് പടിപടിയായി നടപ്പിലാക്കുകയാണ്. തന്റെ മുപ്പതാം പിറന്നാളിന് കോടികൾ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് അഹാന കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്.
തന്റെ 20 കളെ വിട്ടുപോരുമ്പോൾ ചെറിയ സങ്കടം ഉണ്ടെന്നും എങ്കിലും മുപ്പതിനെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നുമാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം തന്നെ അച്ഛനും അമ്മയ്ക്കും താരം നന്ദി അറിയിക്കുന്നുമുണ്ട്. "എന്തു ചെയ്യണം, ചെയ്യരുത് എന്ന് തനിക്ക് പറഞ്ഞു തരാത്തതിന്. തന്റെതായ നിയമാവലിയിൽ ജീവിതത്തെ ആസ്വദിക്കാൻ സമ്മതിച്ചതിന്. തനിക്ക് പറക്കാനുള്ള ചിറകുകൾ സമ്മാനിച്ചതിന്. തന്റെ ജീവിതത്തിലെ എല്ലാത്തിനും കാരണം മാതാപിതാക്കൾ ആണ്." - എന്നും അഹാന കുറിച്ചിട്ടുണ്ട്.
ഒപ്പം തന്റെ ജീവിതത്തിലെ ഇത്തരം മുഹൂർത്തങ്ങൾ എല്ലാം സമ്മാനിച്ചതിന് യൂണിവേഴ്സിനും അഹാന നന്ദി പറഞ്ഞിട്ടുണ്ട്. താൻ സ്വന്തമാക്കിയ കാറിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന ഫോട്ടോയും അഹാന പങ്കു വച്ചിട്ടുണ്ട്. ഇതിന് താഴെയാണ് മറ്റൊരു താരപുത്രിയായ കല്യാണി പ്രിയദർശന്റെ കമന്റ്.
"നീ അവളെ ഇഷ്ടപ്പെടും (അഹാനയുടെ മുപ്പതാം വയസ് ഇഷ്ടപ്പെടും). അവളാണ് ഏറ്റവും നല്ലത്. നിനക്ക് അവളെ സ്നേഹിക്കാൻ സാധിക്കും." എന്നാണ് കല്യാണി കുറിച്ചത്. ഒപ്പം ജന്മദിനാശംസകളും താരം നേർന്നു.