
ഇന്ത്യൻ സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രജനികാന്തിന്റെ ‘കൂലി’. തുടർച്ചയായ രണ്ട് ഹിറ്റ് സിനിമകൾക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാൽ പ്രേക്ഷകരും കൂടുതൽ പ്രതീക്ഷിച്ചു. എന്നാൽ, തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിലെ പ്രമുഖർ അണിനിരന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ്.
റിലീസിന് പിന്നാലെ ലോകേഷിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയാണ് വെല്ലുവിളിയായതെന്നാണ് ലോകേഷ് പറയുന്നത്. "സിനിമയെക്കുറിച്ച് പ്രേക്ഷകർ ഓരോരുത്തർക്കും പ്രതീക്ഷ ഉണ്ടായിരുന്നു, അത് ആവശ്യമുള്ളതാണ്, അതില്ലെങ്കിൽ താൻ ഇന്ന് ഇവിടെ നിൽക്കില്ലായിരുന്നു." ലോകേഷ് കൂട്ടിച്ചേർത്തു. തനിക്ക് മാത്രമല്ല, ഓരോ സൂപ്പർസ്റ്റാറിനും പ്രതീക്ഷയുടെ ബാധ്യത ഉണ്ടാകുമെന്നും അതിനോട് നീതി പുലർത്തുക എന്നതാണ് ഓരോ സിനിമയുടെയും ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
‘കൂലി’ക്ക് വേണ്ടി താൻ ചിലവഴിച്ചത് 18 മാസമാണ്. ആ സമയം കൊണ്ട് സിനിമയുടെ ഹൈപ്പ് ഒരുപാടു ഉയർന്നുവെന്നും ലോകേഷ് പറയുന്നു. "ട്രെയ്‌ലര്‍ റിലീസാകുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവല്‍, എല്‍സിയു പോലുള്ള തീയറികൾ ഉണ്ടാക്കാൻ തുടങ്ങി കഴിഞ്ഞു. അതെല്ലാം എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നെല്ലാം പ്രേക്ഷകർ ചിന്തിച്ചു വച്ചു കഴിഞ്ഞു. ആ പ്രതീക്ഷയെല്ലാം താൻ എങ്ങനെ കുറയ്ക്കും?" - ലോകേഷ് ചോദിക്കുന്നു.
"സിനിമ റിലീസായപ്പോൾ അവർ പ്രതീക്ഷിച്ചതൊന്നും സിനിമയിൽ ഇല്ലെങ്കിൽ എന്തുചെയ്യാനാകും? ആ പ്രതീക്ഷയ്‌ക്കൊത്ത് എഴുതാൻ തനിക്ക് ഒരിക്കലും കഴിയില്ല. താൻ എഴുതിയത് അവരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നാൽ സന്തോഷമാണ്. അല്ലെങ്കിൽ അതിനൊത്ത് ഉയരാൻ ശ്രമിച്ചുകൊണ്ടിരിക്കും."-ലോകേഷ് വ്യക്തമാക്കി.