
ഏറെ നാളുകൾക്ക് ശേഷം ഭാര്യ പ്രഭയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് യേശുദാസ്. അമേരിക്കയിലെ വീടിനു മുൻപിൽ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. യേശുദാസിന്റെ ആരാധകർ കൈകാര്യം ചെയ്യുന്ന ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണപോലെ വെള്ള ജുബ്ബയും മുണ്ടും ധരിച്ച് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന യേശുദാസിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. പ്രശസ്ത പിന്നണിഗായകന്‍ അഫ്സൽ ആണ് ചിത്രം പകർത്തിയത്.
വലിയ ജനശ്രദ്ധയാണ് ചിത്രത്തിനു ലഭിക്കുന്നത്. യേശുദാസിനും പ്രഭയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുകയാണ് ആരാധകർ. ‘ഡൈ ചെയ്താൽ ഇപ്പോഴും കൊച്ചു പയ്യൻ’ ആണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘സാറിന്റെ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല’, ‘പകരം വയ്ക്കാൻ ആളില്ലാ മലയാളത്തിൽ’, ‘ബാല്യം, കൗമാരം, യൗവനം, വാർധക്യം... ഈ ഘട്ടങ്ങളിൽ എല്ലാം ഒരുപോലെ സ്നേഹിക്കുകയും ദൈവത്തെപ്പോലെ ഞാൻ ആരാധിക്കുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തി’, എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ. എന്നെങ്കിലും യേശുദാസിനെ നേരിൽ കാണാനുള്ള ആഗ്രഹവും ആളുകൾ കമന്റ് ബോക്സിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനുശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. 85ാം വയസ്സിലും വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നു. അമേരിക്കയിലെത്തുന്ന പല സംഗീതഞ്ജരും യേശുദാസിനെ കാണാൻ പോവുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് തന്റെ പ്രിയ ഗായകനായ യേശുദാസിനെ കണ്ടതിന്റെ സന്തോഷം പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ.റഹ്മാൻ പങ്കുവച്ചിരുന്നു.