''ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ കൊണ്ട് ഉയര്‍ന്നുവന്ന പാവപ്പെട്ട ലത്തീന്‍ കത്തോലിക്കനാണ് യേശുദാസ്''; ജി. വേണുഗോപാല്‍ | K. J. Yesudas

യേശുദാസ് വര്‍ജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ വര്‍ദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാര്‍ ഒന്നു മനസ്സിലാക്കുക
Venugopal
Published on

ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ കൊണ്ട് ഉയര്‍ന്നുവന്ന പാവപ്പെട്ട ലത്തീന്‍ കത്തോലിക്കനാണ് കെ.ജെ. യേശുദാസ് എന്ന് വിനായകന് മറുപടിയുമായി ഗായകന്‍ ജി. വേണുഗോപാല്‍. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ജി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

''കേരളത്തില്‍ ഇപ്പോള്‍ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മള്‍. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് എന്ന കരിങ്കല്‍ ഭിത്തിയില്‍ തല തല്ലി ഒട്ടുമിക്ക പ്രശസ്തര്‍ക്കും അടി പതറുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു പിന്നില്‍ കുമ്പിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു. മുറിവുണക്കാന്‍ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകള്‍ അവരെ ശരപഞ്ജരത്തില്‍ കിടത്തുന്നു.

ഒരായുഷ്‌ക്കാലം മുഴുവന്‍ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയില്‍ ഒരു സിന്ദൂരതിലകമായി ചാര്‍ത്തിയ അവരെ നിഷ്‌കരുണം വേട്ടയാടുന്നു. അസഭ്യം കൊണ്ട് മൂടുന്നു. മാനവികതയില്‍ നിന്നും മനുഷ്യനെ മാറ്റിനിര്‍ത്തുന്നതാണ് പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്ന് പ്രശസ്ത അമേരിക്കന്‍ കൊമേഡിയനും സാമൂഹ്യ പരിഷ്‌കര്‍ത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോര്‍ജ് കാര്‍ലിന്‍ അഭിപ്രായപ്പെടുന്നു -

"If you call a blind man visually challenged, will it change anything about his condition?"

ഒരായുഷ്‌കാലം മുഴുവന്‍ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ച് നാടോടുമ്പോള്‍ നടുചാല്‍ കീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാല്‍ യേശുദാസ് എന്നു നിസംശയം പറയാം. കലയിലും സംഗീതത്തിലും സര്‍വഥാ കര്‍ണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത്, സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീന്‍ കത്തോലിക്കന്‍ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു.

ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോള്‍ അവിടെ അയാളുടെ സ്വഭാവസവിശേഷതകള്‍ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിര്‍ജ്ജരി മാത്രം ശ്രദ്ധിച്ചാല്‍ മതി. അയാള്‍ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, 'അയാള്‍ ഇത്ര കാശു വാങ്ങി, ഇന്ത്യയ്ക്ക് വെളിയില്‍ പോയി ജീവിച്ചു...' ഇതല്ല ഒരു കലാകാരനെ അടയാളപ്പെടുത്തല്‍.

ജീവിതം തന്നെ സംഗീതവും സാധനയും സിനിമയും ആകുമ്പോള്‍ ഒരു കലാകാരന് എന്തു പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്? സ്വന്തം കര്‍മ്മത്തില്‍ മാത്രം ഒതുങ്ങി, സ്വയം പുതുക്കുന്ന പരിശീലന മുറകളുമായി ഏകാന്തനായി അദ്ദേഹം ജീവിക്കുന്നു. മൂര്‍ത്തമായ കലയുടെ പുണ്യം നുണയുന്നു.

1970 കളില്‍ ജനിച്ച ഞങ്ങളില്‍ പലര്‍ക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാള്‍ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്റെ ശബ്ദം. സംഗീതത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നടന്നു കയറാന്‍ അദ്ദേഹം ത്യജിച്ചതെല്ലാം ഇന്ന് പല കലാകാരന്മാര്‍ക്കും അത്യന്താപേക്ഷിതമായ റോ മെറ്റീരിയല്‍സ് ആയി മാറിയിരിക്കുന്നു. യേശുദാസ് പറയാതെ പറഞ്ഞുവച്ച ഒരു കര്‍മ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു അത്. അന്ന് അദ്ദേഹം വര്‍ജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ വര്‍ദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാര്‍ ഒന്നു മനസ്സിലാക്കുക.

കഠിനമായ പാതകള്‍ താണ്ടി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത്. ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുനസൃഷ്ടിക്കുകയും, തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യബുദ്ധിയോടെ സ്വയം നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു...''

Related Stories

No stories found.
Times Kerala
timeskerala.com