
ജീവിത പങ്കാളിയെ പരിചയപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'എസ്‌കലേറ്റർ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് തുഷാര. ഇതിനു പുറമേ മിനിസ്‌ക്രീനിലും അവർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
'സഖിയോടൊപ്പം' എന്ന് ഒറ്റവാക്കിൽ അടിക്കുറിപ്പ് നൽകിയാണ് അനീഷ് ചിത്രം പങ്കുവച്ചത്. ലൈഫ്, പാർട്ണർ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്. സഹപ്രവർത്തകരും താരങ്ങളുമടക്കം നിരവധിപ്പേർ അനീഷിന് ആശംസ അറിയിച്ചെത്തി. തുഷാരയും അനീഷിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
മലയാള ചലച്ചിത്ര താരം അഞ്ജലി നായരായിരുന്നു അനീഷിന്റെ മുൻ ഭാര്യ. ഇവർക്ക് ബാലതാരം കൂടിയായ ആവണി എന്ന മകളുണ്ട്. 2016ലാണ് ഇവർ വിവാഹമോചിതരാകുന്നത്.
മലയാള ചിത്രങ്ങളായ മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ, ജാനകി ജാനേ തുടങ്ങിയവയുടെ സംവിധായകനാണ്. മോഹൻലാലിന്റെ പരസ്യ ഫോട്ടോഷൂട്ടുകളിൽ സ്ഥിരസാന്നിധ്യമാണ് അനീഷ്. ഇദ്ദേഹത്തിന്റെ പേരിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒരു ലോക റെക്കോർഡുമുണ്ട്. ഡിജിറ്റൽ സ്റ്റിൽ ക്യാമറയിൽ 'മായാമാധവം' എന്ന പേരിൽ ഒരു വിഡിയോ ആൽബം ഷൂട്ട് ചെയ്തതിന്റെ പേരിലാണ് ഈ റെക്കോർഡ്.