തിരുവനന്തപുരം: തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് 20 വയസ്സുള്ള ഒരു തമിഴ്‌നാട്ടുകാരിയാണെന്ന് നടി അനുപമ പരമേശ്വരൻ. കേരള സൈബർ പോലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് അനുപമ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.(Will take legal action, Actress Anupama Parameswaran on cyber attack)
വിദ്വേഷം പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി. "കുറച്ചു ദിവസങ്ങൾക്കു മുൻപാണ് എന്നെക്കുറിച്ചും എൻ്റെ കുടുംബത്തെക്കുറിച്ചും വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. എൻ്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മോർഫ് ചെയ്ത ചിത്രങ്ങളോടു കൂടിയും അടിസ്ഥാനരഹിതമായ ആരോപണങ്ങളോടു കൂടിയുമുള്ള ആ പോസ്റ്റുകൾ. ഇത് ഓൺലെെനിൽ കാണേണ്ടി വന്നത് മാനസികമായി ഏറെ വിഷമമുണ്ടാക്കി." ഈ വ്യക്തിക്ക് ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി നടി പറഞ്ഞു. എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കവും വിദ്വേഷ കമൻ്റുകളും പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു.
ഉടൻ തന്നെ കേരള സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയും അവരുടെ സഹായത്താൽ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഇതിനു പിന്നിൽ. പ്രതിയുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് വ്യക്തിവിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
താൻ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും പ്രതി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അനുപമ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് അനുപമ നൽകുന്നത്.
സൈബർ ബുള്ളിയിംഗ് ശിക്ഷാർഹമായ കുറ്റമാണ്. ഒരു നടിയോ പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല," അനുപമ ഓർമ്മിപ്പിച്ചു.