ലഖ്‌നൗ: ഉത്തർപ്രദേശിലെ പുണ്യനഗരമായ മഥുരയിൽ നിശ്ചയിച്ചിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടി റദ്ദാക്കി. പ്രദേശത്തെ സന്ന്യാസി സമൂഹത്തിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്വകാര്യ ഏജൻസികൾ സംഘടിപ്പിച്ച പരിപാടി തടയണമെന്നാവശ്യപ്പെട്ട് സന്ന്യാസിമാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.(Will not allow to set foot in Mathura, people against Sunny Leone's New Year's event)
മഥുരയും ബൃന്ദാവനവും ഹിന്ദു വിശ്വാസികളുടെ പുണ്യഭൂമിയാണെന്നും അവിടെ ഇത്തരം നൃത്തപരിപാടികൾ അനുവദിക്കാനാവില്ലെന്നുമാണ് സന്ന്യാസി സമൂഹത്തിന്റെ നിലപാട്. ഇത് നഗരത്തിന്റെ സാംസ്കാരിക പവിത്രതയ്ക്ക് വിരുദ്ധമാണെന്നും താരത്തെ മഥുരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സന്ന്യാസിമാർ പ്രഖ്യാപിച്ചു.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ സംഘാടകർ വലിയ രീതിയിൽ പ്ലാൻ ചെയ്തിരുന്ന പരിപാടിയാണിത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ സമാധാനാന്തരീക്ഷം കണക്കിലെടുത്ത് പരിപാടി റദ്ദാക്കി.
നേരത്തെ സണ്ണി ലിയോണിന്റെ 'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനത്തിനെതിരെയും മഥുരയിൽ സമാനമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.