
രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റെ ഹൈപ്പ് എത്രയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. റിലീസായ ആദ്യ ദിനം തന്നെ സിനിമ 100 കോടിയിലധികം രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
എന്നാൽ, ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ട്രേഡ് ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ടനുസരിച്ച്, ‘കൂലി’ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിവസം 65 കോടി രൂപയുടെ കളക്ഷൻ നേടി. അന്താരാഷ്ട്ര മാർക്കറ്റുകളിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ആദ്യ ദിനം 125-150 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ, തമിഴ് പതിപ്പിന് 86.99 ശതമാനവും ഹിന്ദി പതിപ്പിന് 35.66 ശതമാനവും ഒക്യുപ്പൻസി ലഭിച്ചു. തെലുങ്ക് പതിപ്പിന് 92.10 ശതമാനം ഒക്യുപ്പൻസി ലഭിച്ചപ്പോൾ, കന്നഡ പതിപ്പിന് 71.37 ശതമാനം ഒക്യുപ്പൻസി രേഖപ്പെടുത്തി.
സൺ പിക്ചേഴ്സ് നിർമ്മിച്ച ‘കൂലി’ ഓഗസ്റ്റ് 14-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രജനികാന്ത്, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, നാഗാർജുന തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.