

ശബരിമല സ്വർണപാളി വിവാദത്തിൽ നടൻ ജയറാമിനെ രൂക്ഷമായി വിമർശിച്ച് ഫിലിം മേക്കർ സുനിൽ പരമേശ്വരൻ. സ്വർണപാളി വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ ആലോചിക്കേണ്ടിയിരുന്നെന്നും ജയറാം ചെയ്തത് തെറ്റാണെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ജയറാമിനെ സാക്ഷിയല്ല ആക്കേണ്ടതെന്നും പ്രതിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുനിൽ.
"ജീവിതത്തിലും അല്ലാതെയും ജയറാം നടനാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്. ആ പാളികൾ ഒക്കെ വീട്ടിൽ കൊണ്ട് വന്നപ്പോൾ തൊഴുതു നിൽക്കുന്നത് കണ്ടു. താങ്കൾക്ക് അൽപ്പമെങ്കിലും ബോധം ഉണ്ടെങ്കിൽ ഇതിന്റെ അബദ്ധം മനസിലായില്ലേ? ഉണ്ണി കൃഷ്‌ണൻ പോറ്റി അതിൽ നിന്ന് സ്വർണവും ഒടിച്ചു തന്നെങ്കിൽ നിങ്ങൾ തീർന്നു." - സുനിൽ പരമേശ്വരൻ പറഞ്ഞു.
"മക്കളൊക്കെ വലുതായില്ലെ? ഇപ്പോൾ അത്യാവശ്യം സിനിമയൊക്കെയുണ്ട്. ഇതെല്ലാം മറന്ന് ഇതുപോലുള്ള ആൾക്കാരെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമായിരുന്നോ? ജയറാം അനുഭവിക്കുന്ന മാനസിക സംഘർഷമുണ്ട്. സംഭവിച്ച് പോയതിൽ ദുഖം കാണും. കലാകാരനല്ലേ? എന്തൊക്കെയാണെങ്കിലും ദുർബല മനസൊക്കെ കാണും. അയ്യപ്പൻ വെറുതെ വിടുമോ? ജയറാം പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്." - സുനിൽ പരമേശ്വരൻ കൂട്ടിച്ചേർത്തു.