

പാപ്പരാസികൾ വിടാതെ പിന്തുടരുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ്. തന്നെ പിന്തുടർന്ന പാപ്പരാസികളോട് നീരസം പ്രകടിപ്പുക്കുന്ന ഗൗരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗൗരി മുംബൈയിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ ഒരു കൂട്ടം പാപ്പരാസികൾ ഫോട്ടോയും വിഡിയോയും എടുത്തുകൊണ്ട് ഗൗരിയെ പിന്തുടരുകയായിരുന്നു.
പാപ്പരാസികൾ പിന്തുരടുന്നതിലെ നീരസം ഗൗരിയുടെ മുഖത്തുകാണാം. ‘നിങ്ങൾ എന്തിനാണ് എന്നെ പിന്തുടരുന്നത്?' എന്ന് ഗൗരി സ്പ്രാറ്റ് ഈർഷ്യയോടെ പാപ്പരാസികളോട് ചോദിക്കുന്നു. ആരാണ് ഇവരെയൊക്കെ വിളിക്കുന്നതെന്നും ഗൗരി ചോദിക്കുന്നുണ്ട്. വീണ്ടും പാപ്പരാസികൾ പിന്തുടർന്നപ്പോൾ ഗൗരി അസ്വസ്ഥയായി. എന്തിനാണ് നിങ്ങൾ എന്നെ പിന്തുടരുന്നത് എന്ന് ചോദിച്ച ഗൗരി സ്പ്രാറ്റ് തന്നെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു.
2025 മാർച്ചിൽ തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ ഗൗരിയുമായി പ്രണയത്തിലാണെന്ന വിവരം പങ്കുവച്ചത്. താനും ഗൗരിയും 25 വർഷമായി സുഹൃത്തുക്കളാണെന്നും ഒന്നര വർഷം മുമ്പാണ് തങ്ങളുടെ ബന്ധം പ്രണയമായി വളർന്നതെന്നും ആമിർ വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റ് ഫാഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് സ്റ്റൈലിംഗ് & ഫോട്ടോഗ്രാഫിയിൽ എഫ്ഡിഎ നേടിയിട്ടുണ്ട്.
1986 ൽ ആണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. ഇറ, ജുനൈദ് എന്ന രണ്ട് കുട്ടികളും ഇവർക്കുണ്ട്. 2002 ൽ ദമ്പതികൾ വിവാഹമോചനം നേടി. 2005 ൽ ആമിർ ചലച്ചിത്ര നിർമാതാവ് കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഇവർക്ക് ആസാദ് എന്ന ഒരു മകനുണ്ട്. 2021-ലാണ് ആമിറും കിരൺ റാവുവും വിവാഹമോചിതരാകുന്നത്.