
ഇൻഡിഗോ വിമാനത്തിൽ ഈയിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടി മാളവിക മോഹനൻ. വിമാനങ്ങൾ ഇടക്കിടെ വൈകുന്നതിന് വിമാനക്കമ്പനിയെ നടി സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു. വിമാനങ്ങളുടെ കാലതാമസത്തെക്കുറിച്ച് അറിയിക്കുന്നതിന് പകരം യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്താൻ നിർബന്ധിതരാക്കിയതിനെയും മാളവിക വിമർശിച്ചു.
"എന്തുകൊണ്ടാണ് നിങ്ങളുടെ പത്തിൽ ഒമ്പത് വിമാനങ്ങളും എപ്പോഴും വൈകുന്നത്? യാത്രക്കാരെ വിമാനത്തിൽ കയറ്റി ഒരു മണിക്കൂറോ അതിൽ കൂടുതലോ ഇരിക്കാൻ നിർബന്ധിക്കുന്ന ഈ പ്രവണത എന്തുകൊണ്ടാണ്?" -മാളവിക എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി. മാളവികയുടെ പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലായി. സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധിപ്പേർ രംഗത്തെത്തി.
ഇൻഡിഗോയും മാളവികയുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ക്രൂവിനോട് സംസാരിച്ചതിന് മാളവികയോട് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻഡിഗോ പ്രതികരിച്ചത്. വിമാനം വൈകിയത് അസൗകര്യമുണ്ടാക്കിയെന്ന് മനസ്സിലാക്കിയതായി അവർ പറഞ്ഞു. കാലതാമസത്തിന് കാരണം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.