

ഇന്ത്യൻ സിനിമയുടെ ‘ഷഹെൻഷാ’ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ 50 വർത്തത്തിലേറെയായി ബോളിവുഡ് അടക്കിവാഴാൻ തുടങ്ങിയിട്ട്. 83-ാം വയസ്സിലും സിനിമയിലും ‘കോൻ ബനേഗ ക്രോർപതി’ (കെ.ബി.സി.) എന്ന ജനപ്രിയ ഷോയിലും അദ്ദേഹം സജീവമാണ്.
"ഒരു നടനായില്ലായിരുന്നെങ്കിൽ അമിതാഭ് ബച്ചൻ ആരാകുമായിരുന്നു?" എന്ന ആരാധകരുടെ ചോദ്യത്തിന് ബച്ചൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മറുപടി ലാളിത്യം കൊണ്ടും നർമ്മം കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കി.
ഇപ്പോൾ 1991-ലെ ഒരു ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള പഴയ വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഈ വേദിയിൽ വെച്ച് നിരവധി താരങ്ങളോട് ഒരു ലളിതമായ ചോദ്യം ചോദിച്ചിരുന്നു, “നിങ്ങൾ ഒരു നടനല്ലായിരുന്നെങ്കിൽ, ആരായിരിക്കും?”
തൻ്റെ സവിശേഷമായ ബുദ്ധിവൈഭവത്തോടെ ചിരിച്ചുകൊണ്ട് അമിതാഭ് ബച്ചൻ പറഞ്ഞു, “ഞാൻ ഒരു ബോളിവുഡ് താരമായില്ലായിരുന്നെങ്കിൽ, ഞാൻ അലഹബാദിൽ പാൽ വിൽക്കുമായിരുന്നു”. അദ്ദേഹത്തിൻ്റെ സത്യസന്ധവും രസകരവുമായ ഈ മറുപടി കേട്ട് പ്രേക്ഷകർ ഒന്നടങ്കം ചിരിച്ചു. ആമിർ ഖാൻ, രാകേഷ് റോഷൻ, സരോജ് ഖാൻ, അർച്ചന പുരൺ സിംഗ് തുടങ്ങിയ നിരവധി പ്രമുഖരും ഈ വീഡിയോയിൽ ഉണ്ടായിരുന്നു.
താൻ ഒരു നടനായില്ലായിരുന്നെങ്കിൽ ഒരു അധ്യാപകനാകുമായിരുന്നു എന്നാണ് ആമിർ ഖാൻ പ്രതികരിച്ചത്. ഇത് ആരാധകരെ അദ്ദേഹത്തിൻ്റെ പ്രശംസ നേടിയ ‘താരേ സമീൻ പർ’ എന്ന സിനിമയെ ഓർമ്മിപ്പിച്ചു. സിനിമാ ലോകത്തേക്ക് പ്രവേശിച്ചില്ലായിരുന്നെങ്കിൽ താൻ സർക്കാർ സർവീസിൽ ചേരുമായിരുന്നുവെന്ന് അന്തരിച്ച നടൻ അമരീഷ് പുരിയും പറഞ്ഞിരുന്നു.