
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ച് രണ്ടാഴ്ച കഴിയുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഹൗസിൽ നടക്കുന്നത്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 പേരാണ് ഉള്ളത്. രണ്ട് പേരാണ് ഷോയിൽ നിന്ന് പുറത്തായത്. ആദ്യ ആഴ്ചയിൽ തന്നെ നടൻ മുൻഷി രഞ്ജിത് പുറത്ത് പോയിരുന്നു. റേഡിയോ ജോക്കിയായ ബിൻസി കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസിൽ നിന്നും പുറത്തായത്.
കോമണർ മത്സരാർത്ഥിയായ അനീഷ് ടിഎ, സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കതൂരിയ, നടി കലാഭവൻ സരിഗ, ഗായകൻ അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ & ഫാത്തിമ നൂറ, വ്ളോഗർ ഒനീൽ സാബു, നടി ബിന്നി സെബാസ്റ്റ്യൻ, നടൻ ഷാനവാസ് ഷാനു, നടൻ അഭിശ്രീ, കൊറിയോഗ്രാഫറായ നെവിൻ, സോഷ്യൽ മീഡിയ താരം രേണു സുധി, നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ്, നടൻ അപ്പാനി ശരത്, ഇന്റർവ്യൂവർ ശാരിക, സോഷ്യൽ മീഡിയ താരം റെന ഫാത്തിമ, നടിയും മോഡലുമായ ഗിസേലെ തക്രാൽ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലുള്ളത്.
ഇപ്പോൾ ഷോയിൽ താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. നടൻ അപ്പാനി ശരത്തിന് ഒരു ദിവസം പ്രതിഫലമായി ലഭിക്കുന്നത് 35000 രൂപയാണ് എന്നാണ് റിപ്പോർട്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഷാനവാസ് ഷാനുവിന് പ്രതിദിനം 35,000 രൂപയാണ് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക. നടിയും മോഡലും സംരംഭകയുമായ ഗിസെലിന് 30,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഗീതാഗോവിന്ദം സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ കൂടിയാണ് ബിന്നി. ഷോയിൽ ബിന്നിക്ക് പ്രതിദിനം 25,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ റെന ഫാത്തിമ സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ്. റെനയ്ക്ക് പ്രതിദിനം 10,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണെന്നാണ് വിവരം. ദിവസവും 50000 രൂപയാണ് അനുവിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. ബിഗ് ബോസിൽ ദിവസം ഒരു ലക്ഷം രൂപയാണ് രേണു ആവശ്യപ്പെട്ടത്. എന്നാൽ ഒടുവിൽ 50,000 രൂപയിൽ കരാർ ഉറപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നിലവിൽ അനുമോളും രേണുവും ആണ് ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥികൾ.