"നിങ്ങൾ അവരോട് യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ഒരു കലാകാരി എന്ന നിലയിലും, ഒരു സ്ത്രീ എന്ന നിലയിലും, ഒരു മനുഷ്യനെന്ന നിലയിലും അവർ ബഹുമാനം അർഹിക്കുന്നുണ്ട്"; പുഷ്പവതിയെ പിന്തുണച്ച് സിത്താര കൃഷ്ണകുമാർ | Cinema Conclave

'ഒരു കുട്ടിയാണെങ്കിലും തുടക്കക്കാരനാണെങ്കിലും വിയോജിപ്പിന്റെ ഒറ്റപ്പെട്ട ശബ്ദമാണെങ്കിൽ അത് ഉയർന്ന് കേൾക്കണം'
Sithara
Published on

അടൂർ ഗോപാല കൃഷ്ണന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച ​ഗായിക പുഷ്പവതിക്ക് പിന്തുണയുമായി സിത്താര കൃഷ്ണകുമാർ. നമ്മൾ ഒരിക്കൽ ആദരിച്ചിരുന്ന ശബ്ദങ്ങൾ ദയയില്ലാതെ സംസാരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. കലയുടെ കാതൽ സഹാനുഭൂതിയാണെന്നും മഹത്വം അളക്കേണ്ടത് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കണമെന്നും സിത്താര പറഞ്ഞു. നിങ്ങൾ യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവർ ബഹുമാനം അർഹിക്കുന്നുണ്ടെന്നും സിത്താര കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സിത്താര പുഷ്പവതിക്ക് പിന്തുണ അറിയിച്ചത്.

ഗായിക സിത്താര കൃഷ്ണകുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം:

"നമ്മൾ ഒരിക്കൽ ആദരിച്ചിരുന്ന ശബ്ദങ്ങൾ ദയയില്ലാതെ സംസാരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. കലയുടെ കാതലായ സ്വഭാവം അഹംഭാവത്തിൽ നിന്നല്ല, മറിച്ച് സഹാനുഭൂതിയിൽ നിന്നാണ് ജനിക്കുന്നത്. പ്രശസ്തി, പുരസ്കാരങ്ങൾ, പതിറ്റാണ്ടുകളുടെ പാരമ്പര്യം എന്നിവ മാത്രമല്ല, നമുക്ക് മറ്റുള്ളവരോട്, പ്രത്യേകിച്ച് നമുക്കൊപ്പം നടക്കുന്നവരോടും നമുക്ക് പിന്നിൽ നടക്കുന്നവരോടും എത്ര സൗമ്യമായും ശാന്തമായും പെരുമാറാൻ കഴിയുന്നു എന്നതും മഹത്വത്തിന്റെ അളവുകോലാണ്.

‘അവൾ ആരാണ്?’ എന്ന് ചോദിച്ചുകൊണ്ട് ഒരാളുടെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നത് വഴി അവരെ ചെറുതാക്കി കാണിക്കുക മാത്രമല്ല, അങ്ങേയറ്റം ക്രൂരമായി പെരുമാറുക കൂടിയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആത്മാർഥതയോടെയും ശക്തിയോടെയും നിരവധി ഹൃദയങ്ങളെ സ്പർശിക്കുകയും മനസ്സുകളെ ഉണർത്തുകയും ചെയ്ത ശബ്ദത്തിനുടമയായ പുഷ്പവതിയെപ്പോലുള്ള ഒരാളെ ലക്ഷ്യം വയ്ക്കുമ്പോൾ. നിങ്ങൾ അവരോട് യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കലാകാരി എന്ന നിലയിലും, ഒരു സ്ത്രീ എന്ന നിലയിലും, ഒരു മനുഷ്യനെന്ന നിലയിലും അവർ ബഹുമാനം അർഹിക്കുന്നുണ്ട്. ജനപ്രീതി ആപേക്ഷികമാണ്. എന്നാൽ അന്തസ് സാർവത്രികമാണ്. ഒരു കുട്ടി ആണെങ്കിലും ഒരു തുടക്കക്കാരൻ ആണെങ്കിലും വിയോജിപ്പിന്റെ ഒറ്റപ്പെട്ട ശബ്ദമാണെങ്കിൽ പോലും അത് ഉയർന്ന് കേൾക്കണം. നമ്മുടെ വിയോജിപ്പുകൾ ദയ ഇല്ലാത്തത് ആകരുത്." - സിതാര കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതുകൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ നടത്തിയ പരാമർശം. ഇതിനെതിരെ ഗായിക പുഷപവതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പുഷ്പവതി ആരാണെന്നാണ് അടൂർ ചോദിച്ചത്. പിന്നാലെ ​ഗൂ​ഗിളിൽ സേർച്ച് ചെയ്താൽ താൻ ആരാണെന്നു അറിയാമെന്നായിരുന്നു പുഷ്പവതിയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com