
'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമ ഹൈക്കോടതി കാണാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ എം.ബി.പദ്മകുമാർ. ‘ജെഎസ്കെ’യുടെ പേരിൽ എല്ലാ സംഘടനകളും ഒന്നിച്ചു നിന്ന് പ്രതിക്ഷേധിക്കുമ്പോൾ ഇനിയൊരു സിനിമയുടെ കഴുത്തിൽ കത്തി വെക്കാൻ സെൻസർ ബോർഡ് ഒന്നറയ്ക്കും എന്ന് പദ്മകുമാർ പറഞ്ഞു. ‘ജെഎസ്‌കെ’യിൽ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ അസ്വസ്ഥമാക്കിയതെങ്കിൽ തന്റെ സിനിമയിൽ പ്രമേയമാണ് സെൻസർ ബോർഡിനെ പ്രകോപിച്ചത്. തന്റെ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് പറഞ്ഞപ്പോൾ കരഞ്ഞു കാലുപിടിച്ചിട്ടും ആരും പിന്തുണച്ചില്ലെന്നും താൻ ഉൾപ്പെടുന്ന ഒരു സാംസ്കാരിക കൂട്ടായ്മപോലും ഒപ്പം നിന്നില്ലെന്നും പദ്മകുമാർ പറയുന്നു.
പദ്മകുമാറിന്റെ ‘ടോക്കൺ നമ്പർ’ എന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് നിർദേശിച്ചു. തുടർന്ന് പേര് ജയന്തി എന്നാക്കി മാറ്റിയെന്നും പദ്മകുമാർ പറയുന്നു.
എം.ബി.പദ്മകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ജാനകി' വിഷയം, കോടതി സിനിമ കാണാൻ തീരുമാനിച്ചത് നന്നായി. ആ കൂട്ടായ്മക്ക്, സർഗാത്മതക്ക് നിയമത്തിന്റെ പിൻബലം കിട്ടുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. പല കലാസാംസ്കാരിക സംഘടനകളും രംഗത്തെത്തി പിന്തുണ അറിയിച്ചു. ഇനിയുമൊരിക്കൽ ഒരു കലയുടെ കഴുത്തിൽ കത്രികവയ്ക്കാൻ തുടങ്ങുമ്പോൾ അവർ ഒന്നറക്കും.
എന്നെ അതിശയിപ്പിച്ചത് മറ്റൊന്നാണ്. ഇവിടെ 'ജാനകി' എന്ന പേരിനുവേണ്ടിയായിരുന്നു പോരാട്ടമെങ്കിൽ നമ്മുടെ സിനിമ 'ടോക്കൺ നമ്പരിന്' 'ജാനകി'യെന്ന പേരിനെക്കാൾ സെൻസർ ബോർഡിനെ അസ്വസ്ഥമാക്കിയത് പ്രമേയവും 'ഏബ്രഹാമു'മാണ്. ഒരു പക്ഷേ പേരിനെക്കാൾ ഭീരകരമായ ഒരു സാമുഹിക പരിസരത്തേക്ക് ചില ചിന്തകൾ സമൂഹത്തെ കൊണ്ടുപാകാൻ ശ്രമിക്കുന്നു എന്ന തെളിവാണ് 'ടോക്കൺ നമ്പർ' നേരിട്ടത്.
ഇന്ന് ഒരു 'ജാനകി'യെ തിരികെ കൊണ്ടു വരാൻ കൂടെ നിൽക്കുന്ന ആരും, കരഞ്ഞു കാലുപിടിച്ചിട്ടും ഞങ്ങളെ സഹായിച്ചില്ല എന്നതും ചില അജണ്ടകളുടെ ബോധപൂർവ്വമായ ശ്രമത്തെ അടിവരയിടുന്നു. ടോക്കൺ നമ്പറിനെ മാധ്യമങ്ങൾപോലും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നതും അതിശയപ്പെടുത്തുന്നു. കൂടാതെ ഞാനുൾപ്പെട്ടിരുന്ന ഒരു സാംസ്കാരിക കൂട്ടായ്മയും ശ്രദ്ധിച്ചില്ലയെന്നത് ഒരു ചോദ്യചിഹ്നമായി മനസ്സിൽ അവശേഷിക്കുന്നു. ഈ സിനിമ നിങ്ങളോട് താമസിയാതെ നേരിട്ട് പറയും, എന്തിനാണവർ പേടിച്ചതെന്ന്.
സെന്‍സർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ കാണാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണും. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്‌ക്ക് മുമ്പാകെ വെച്ചിരുന്നു.