
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിനെ ഹോട്ടലിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സന്തോഷ് പറഞ്ഞു. അതേസമയം മൃതദേഹം രാത്രി എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
‘‘ഷൂട്ടിങ് സംഘം മൂന്നു മുറികളാണ് ഇവിടെ എടുത്തിരുന്നത്. മറ്റു രണ്ടു മുറികളും ആദ്യം തന്നെ ചെക്ക് ഔട്ട് ചെയ്തിരുന്നു. 209–ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവർത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോൾ മുറിയിൽചെന്ന് അന്വേഷിക്കാൻ സഹപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. പക്ഷെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. പിന്നാലെ വാതിൽ തുറന്നു നോക്കിയപ്പോൾ നവാസ് തറയിൽ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ പ്രൊഡക്‌ഷൻ കൺട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.’’– ഹോട്ടലുടമ പറഞ്ഞു.
ഒരു സിനിമ ഷൂട്ടിങ്ങിനായി 25 മുതൽ നവാസും സംഘവും ചോറ്റാനിക്കരയിലെ ലോഡ്ജിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന്, രണ്ടു ദിവസത്തെ ഇടവേള കിട്ടിയിരുന്നു. ഇതിനിടയിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോടു പറഞ്ഞ് ഹോട്ടൽ മുറിയിലേക്കു പോയതായിരുന്നു നവാസ്.