സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' ലൊക്കേഷനിൽ ജിജോ പുന്നൂസ് എത്തിയപ്പോൾ | Ottakomban

മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M.M, ത്രീഡി എന്നിങ്ങനെ വലിയ ദൃശ്യവിസ്മയങ്ങൾ അവതരിപ്പിച്ച പ്രമുഖ വ്യക്തിയാണ് ജിജോ പുന്നൂസ്
Jijo Ponnoose
Published on

കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷനിൽ റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ, നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര…..ഇതൊക്കെ പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. എന്നാലിപ്പോൾ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് 'ഒറ്റക്കൊമ്പൻ' എന്ന സിനിമക്കു വേണ്ടിയാണ്. സുരേഷ് ഗോപി നായകനായെത്തുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്. നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ.

ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M , ത്രീഡി , എന്നിങ്ങനെ വലിയ വിസ്മയങ്ങൾ നൽകിയ നവോദയായുടെ മുഖ്യശിൽപ്പി.

'മൈഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രം മാത്രമാണ് സംവിധായകൻ എന്ന ക്രെഡിറ്റിൽ ഉള്ളതെങ്കിലും മാമാങ്കം, പടയോട്ടം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ബുദ്ധികേന്ദ്രം ജിജോ തന്നെയായിരുന്നു. ചലച്ചിത്ര രംഗത്തെ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്ത വ്യക്തിത്ത്വം. ജിജോ പുന്നൂസ്സിൻ്റെ ഫാൻ ബോയ് ആയ സംവിധായകൻ മാത്യൂസ് തോമസ്സിൻ്റെ ആഗ്രഹപ്രകാരം സുരേഷ് ഗോപിയാണ് ജിജോയെ ഈ ലൊക്കേഷനിലേക്കു ക്ഷണിച്ചത്.

പാലാക്കാർ ജൂബിലി തിരുന്നാൾ എന്നു പറയുന്ന ഈ പെരുന്നാളിൻ്റെ പിന്നാമ്പുറങ്ങളിൽ വലിയ സംഭവങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. അതാണ് പ്രധാനമായും ഇവിടെ ചിത്രീകരിക്കുന്നത്. ഒരു കാലത്ത് പാലായിലെ ചോരത്തിളപ്പിൻ്റെ മൂർത്തീമത് ഭാവം എന്നു വിളിക്കാവുന്ന കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥ പറയുന്ന ഒറ്റക്കൊമ്പനിൽ സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങൾ ഏറെയാണ്. അത്തരത്തിലുള്ള ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് ജിജോയുടെ കടന്നു വരവ്. ജിജോ പുന്നൂസ്സിനെ സുരേഷ് ഗോപി, സംവിധായകൻ മാത്യൂസ് തോമസ്, സിദ്ദു പനയ്ക്കൽ, സെറ്റിലുണ്ടായിരുന്ന നടൻ ഇന്ദ്രജിത്ത്, ഛായാഗ്രാഹകൻ ഷാജി എന്നിവർ ചേർന്നു സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com