“ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’; നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ | AMMA

"ഇന്നലെ ആദ്യമായി 'ഞാനാണ് അതിജീവിത' എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി…ഒപ്പം നിൽക്കുമെന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്‌സിന് പാർട്ടി കൊടുക്കണം പോലും, ഇന്നുതന്നെ വേണമായിരുന്നോ?”
Mallika
Updated on

നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ അതിരൂക്ഷവിമർശനവുമായി നടി മല്ലിക സുകുമാരൻ. താൻ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകൾ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം ‘അമ്മ’ ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകൾക്കായി പാർട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. ഒപ്പമുണ്ടാകുമെന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? സഹപ്രവർത്തകയുടെ കണ്ണീരിന് ഒരുവിലയുമില്ലേ? എന്നാണ് മല്ലിക സുകുമാരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേ വിമർശനം മാധ്യമങ്ങളെ കണ്ടപ്പോഴും അവർ ഉന്നയിച്ചിരുന്നു.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് കുറിപ്പ്:

സത്യമാണ്, നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും 'അതിജീവിത' എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി, 'ഞാനാണ് അതിജീവിത' എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി.

'ഞങ്ങൾ ഞങ്ങളുടെ Collegue-ന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും' എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ….?

‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്‌സിന് പാർട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റുവരെ അംഗീകരിച്ചു എന്നാണ് വാർത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ?

അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു, ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങൾ പറയുന്നവരെ അകറ്റി നിർത്തി, ഉള്ള വില കളയാതെ നോക്കുക.

കാലം മാറി, കഥ മാറി. ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു.

വീണ്ടും പറയുന്നു, ‘ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’

Related Stories

No stories found.
Times Kerala
timeskerala.com