
മമ്മൂട്ടിയുടെ വീട്ടില്‍ കുടുംബവുമൊന്നിച്ച് ചെലവഴിച്ച രസകരമായ മുഹൂര്‍ത്തത്തെക്കുറിച്ച് പങ്കുവെച്ച് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മകളോടൊപ്പം മമ്മൂട്ടിയെ കണ്ട നിമിഷത്തെ കുറിച്ച് ബേസിൽ കുറിച്ചത്.
തന്റെ കുടുംബത്തിന് എല്ലാകാലത്തും ഓർമ്മിച്ച് വെക്കാൻ കഴിയുന്ന ശാന്തവും മനോഹരവുമായ അനുഭവമായിരുന്നു അത്. മകളുടെ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ ലളിതമായ മറുപടി ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായി പതിഞ്ഞുവെന്നും ബേസിൽ കുറിച്ചു.
“ഒരു ലെജൻഡിനെ നേരിൽ കാണാനും കുറേ സമയം ചെലവഴിക്കാനുമുള്ള വിശേഷ ഭാഗ്യം ലഭിച്ചു. സുന്ദരവും സാന്ത്വനപരവുമായ ഒരു സന്ധ്യ. ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. എൻ്റെ മകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി ഒരു കാര്യം ചോദിച്ചു. ‘നിങ്ങളുടെ പേരെന്താണ്?’ അപ്പോൾ അദ്ദേഹം ചെറുപുഞ്ചിരിയോടെ ഒറ്റവാക്കിൽ പറഞ്ഞു, ‘മമ്മൂട്ടി’. ആ മറുപടി ഒരിക്കലും മറക്കില്ല. അദ്ദേഹം തൻ്റെ സ്വന്തം ക്യാമറയിൽ ചിത്രങ്ങളെടുത്തു.
ഹോപ്പിയും മമ്മൂക്കയും ചേർന്ന് നിറയെ സെൽഫികളെടുത്തു. ഞങ്ങള്‍ അവിടെ ചെലവഴിച്ച സമയത്ത് മമ്മൂട്ടിയെന്ന മഹാനായ വ്യക്തി ലോകത്തിന് ആരാണെന്ന് മറന്നുപോകും വിധമായിരുന്നു ഞങ്ങളോട് പെരുമാറിയത്. ഒരു അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതു പോലെയായിരുന്നു. സൗമ്യതയും സ്‌നേഹവും നിറഞ്ഞ സന്ധ്യ സമ്മാനിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും നന്ദി മമ്മൂക്കാ….” - ബേസിൽ കുറിച്ചു.