"ചന്ദ്രയുടെ ശബ്ദത്തിന് എന്ത് പറ്റി?", അതൃപ്തിയോടെ ആരാധകർ; 'ലോക' ഒടിടി റിലീസ് ടീസർ പുറത്ത് | LOKA

ജിയോ ഹോട്ട്സ്റ്റാറില്‍ സിനിമ ഉടന്‍ സ്ട്രീം ചെയ്തു തുടങ്ങും എന്ന് അറിയിച്ചുകൊണ്ട് എത്തിയ ടീസറിലെ ശബ്ദമാറ്റം ആരാധകരെ നിരാശയിലാക്കി.
Chandra
Published on

മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യുടെ ഒടിടി റിലീസ് ടീസർ പുറത്ത്. സിനിമയുടെ ഡിജിറ്റല്‍ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാല്‍, ജിയോ ഹോട്ട്സ്റ്റാറില്‍ സിനിമ ഉടന്‍ സ്ട്രീം ചെയ്തു തുടങ്ങും എന്ന് അറിയിച്ചുകൊണ്ട് എത്തിയ ടീസറിലെ വലിയ ഒരു മാറ്റം ആരാധകരെ നിരാശയിലാക്കി.

സിനിമയിലെ മുഖ്യ കഥാപാത്രമായ ചന്ദ്രയെ അവതരിപ്പിച്ച കല്യാണി പ്രിയദർശന്റെ ശബ്ദത്തിന് എന്ത് പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. 'ലോക'യുടെ തിയേറ്റർ പതിപ്പില്‍ കല്യാണിക്ക് ശബ്ദം നല്‍കിയിരുന്നത് ഗായിക സയനോര ഫിലിപ്പ് ആയിരുന്നു. എന്നാല്‍, ടീസറില്‍ കേള്‍ക്കുന്നത് മറ്റൊരു ശബ്ദമാണ്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്.

'വരനെ ആവശ്യമുണ്ട്', 'ബ്രോ ഡാഡി' എന്നീ ചിത്രങ്ങളില്‍ പിന്നണി ഗായിക ആന്‍ ആമിയാണ് കല്യാണിക്ക് ശബ്ദം നല്‍കിയിരുന്നത്. എന്നാല്‍, ലോകയില്‍ ശബ്ദമായത് പിന്നണി ഗായിക, അഭിനേത്രി, സംഗീത സംവിധായിക എന്നീ വിവിധ നിലകളില്‍ കഴിവു തെളിയിച്ച സയനോരയും. മികച്ച അഭിപ്രായമാണ് ഡബ്ബിങ്ങിന് ലഭിച്ചത്.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമായും മാറി.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തെ ആവേശകരമാക്കി.

റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രം കൂടിയാണ്. 50 ദിവസം പിന്നിടുമ്പോഴും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്ന 'ലോക' ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായും മാറിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com