
ദുർഗ പൂജയ്ക്കെത്തിയ ബോളിവുഡ് നടി കജോളിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുർഗ പൂജയ്ക്കുശേഷം പടികൾ ഇറങ്ങുന്നതിനിടെ അവിടെ നിന്ന ഒരാൾ നടിയുടെ കൈ പിടിച്ച് തടയാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ. എന്നാൽ നടിയുടെ ദേഹത്ത് കടന്നുപിടിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ സൂം ചെയ്താണ് പകർത്തിയിരിക്കുന്നത്. നടിയുടെ മുഖത്ത് ഉണ്ടാകുന്ന ഞെട്ടലോടെയാണ് വിഡിയോ അവസാനിക്കുന്നത്.
അതിനുശേഷം എന്ത് സംഭവിച്ചുവെന്നത് വിഡിയോയിൽ ഇല്ല. വെറും സെക്കൻഡുകൾ മാത്രമുള്ള റീൽ വിഡിയോസ് പല ടൈറ്റിലുകളോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അയാള്‍ കാണിച്ചത് മോശമായിപ്പോയി, കജോളിന്റെ കയ്യിൽ നിന്നും കണക്കിനു കിട്ടിക്കാണും എന്നൊക്കെയാണ് കമന്റുകൾ.
എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് ഇതൊന്നുമല്ല. പടികളിറങ്ങി വരുന്ന കജോളിനെ അയാൾ കൈകൊണ്ടു തടയുന്നത് സത്യം തന്നെ. എന്നാൽ കജോളിനൊപ്പം ഒരു ഫോട്ടോയ്ക്കു വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്യുന്നത്. ഇക്കാര്യം കജോളിനോട് ചോദിച്ചതോടെ മുകളിലേക്കു കയറി വന്ന് സന്തോഷത്തോടെ അയാൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ദുർഗ പൂജയുടെ മുഴുവനായുള്ള വിഡിയോയിൽ ഈ രംഗങ്ങൾ വ്യക്തമായി ഉണ്ട്. അതിൽ നിന്നും പകർത്തിയെടുത്ത ഭാഗങ്ങൾ വച്ചാണ് വിഡിയോ മോശമായ രീതിയിൽ പ്രചരിപ്പിച്ചത്.