

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി വെബ് സീരിസുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ‘അണലി’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ടീസർ പുറത്തുവന്നിട്ടുണ്ട്.
ജോളി ജോസഫ് ആയി നടി ലിയോണ ലിഷോയ് അഭിനയിക്കുന്നു. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നിഖില വിമലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാലായിലും പരിസരങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം.
നേരത്തെ 'കറി ആൻഡ് സയനൈഡ്' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.
മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. 'ആൻമരിയ കലിപ്പിലാണ്', 'അലമാര' തുടങ്ങിയ മിഥുൻ മാനുവൽ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും 'ജനമൈത്രി' എന്ന സിനിമയുടെ സംവിധായകനുമാണ് ജോൺ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ സഹോദരൻ സനു താഹിറാണ് സീരീസിനായി ക്യാമറ ചലിപ്പിക്കുന്നത്.