"ബലൂചിസ്ഥാന്‍ ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല, ഞങ്ങൾ മുംബൈ ആക്രമണം ആഘോഷിച്ചിട്ടില്ല"; ധുരന്ധര്‍ സിനിമക്കെതിരെ മിര്‍ യാര്‍ ബലൂച് | Dhurandhar

"ഞങ്ങളും പാകിസ്ഥാന്റെ ഇരകള്‍, ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരസേനാനികളോട് ഈ ചിത്രം നീതി പുലര്‍ത്തിയില്ല."
Dhurandhar
Updated on

രണ്‍വീര്‍ സിങ്ങിന്റെ ചിത്രം ധുരന്ധറിനെതിരെ വിമര്‍ശനമുന്നയിച്ച് ബലൂചിസ്ഥാന്‍ നേതാവ് മിര്‍ യാര്‍ ബലൂച്. ചിത്രം ബലൂചിസ്ഥാനിലെ 'ദേശസ്‌നേഹി'കളായ ആളുകളെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപണം. സിനിമ കണ്ടതിനുശേഷം വലിയ നിരാശയാണ് മിര്‍ പ്രകടിപ്പിച്ചത്.

ബലൂചിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ധുരന്ധര്‍ മോശമായി ചിത്രീകരിച്ചുവെന്നും മിര്‍ വിമര്‍ശിച്ചു. നടന്‍ ഡാനിഷ് പണ്ടോര്‍ അവതരിപ്പിച്ച ഉസൈര്‍ ബലൂചിന്റെ (ഇപ്പോള്‍ ജയിലില്‍) കഥാപാത്രമാണ് വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കും ഇടയാക്കിയത്.

ലിയായിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യെ പിന്തുണയ്ക്കുന്ന ലിയാരി മോബ്സ്റ്ററായിരുന്നു ഉസൈര്‍ ബലൂച്ച്. നേതാവായി ബലൂച് നേതാക്കള്‍ ഒരിക്കലും അയാളെ കരുതിയിരുന്നില്ല. അതേസമയം പാകിസ്ഥാന്‍ അദ്ദേഹത്തെ ഇന്ത്യയ്ക്കും ഇറാനും രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെന്നു മുദ്രകുത്തി.

മുംബൈ ഭീകരാക്രമണത്തിന്റെ ചിത്രത്തില്‍ നിന്നുള്ള ഒരു ക്ലിപ്പ് മിര്‍ പങ്കിട്ടു. അതില്‍ അര്‍ജുന്‍ രാംപാലിന്റെയും അക്ഷയ് ഖന്നയുടെയും കഥാപാത്രങ്ങള്‍ മുംബൈ ആക്രമണത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ആഘോഷിക്കുന്നതായി കാണിക്കുന്നു.

"ബലൂചിസ്ഥാന്‍ ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ല. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ജനത ഒരിക്കലും മുംബൈ ആക്രമണം ആഘോഷിച്ചിട്ടില്ല. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തിന്റെ ഇരകളാണ് ബലൂച് ജനത." -എന്നും മിര്‍ പറഞ്ഞു.

"ബലൂച്ച് മതപ്രേരിതമല്ല. അവര്‍ ഒരിക്കലും തീവ്രവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ല. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനകളുമായി ഒരിക്കലും സഹകരിച്ചിട്ടില്ല. ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരസേനാനികളോട് ഈ ചിത്രം നീതി പുലര്‍ത്തിയില്ല." - മിര്‍ കൂട്ടിച്ചേര്‍ത്തു.

"ബലൂച് സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു മതിയായ ആയുധമില്ല. ആയുധശേഷി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ പാക് സേനയെ പരാജയപ്പെടുത്തുമായിരുന്നു. വ്യാജ കറന്‍സികള്‍ അച്ചടിച്ചിരുന്നുവെങ്കില്‍ ബലൂചില്‍ ദാരിദ്ര്യമുണ്ടാകുമായിരുന്നില്ല. മയക്കുമരുന്ന്, വ്യാജ കറന്‍സി, ആയുധക്കടത്ത് തുടങ്ങിയവ ചെയ്യുന്നത് പാക്കിസ്ഥാന്‍ ആണ്. ഐഎസ്‌ഐയുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യുന്നത്." - മിർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com