
സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ഇനി നിർമ്മിക്കാൻ കഴിയില്ലെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. വെട്രിമാരൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രഗത്ഭരായ സംവിധായകർ പോലും ഈ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് വിനീത് തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഇനിയുള്ള കാലത്ത് സോഷ്യോ-പൊളിറ്റിക്കൽ സിനിമകൾ ചെയ്യാൻ പറ്റില്ല. അതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. നമുക്ക് അത് പുറത്തിറക്കാൻ കഴിയില്ല," വിനീത് പറഞ്ഞു. പ്രമുഖ തമിഴ് സംവിധായകൻ വെട്രിമാരന്റെ പ്രൊഡക്ഷൻ കമ്പനി പൂട്ടി, ഹിന്ദിയിൽ താൻ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാൻ അനുരാഗ് കശ്യപിന് കഴിയുന്നില്ല ഇതൊക്കെ യാഥാർത്ഥ്യങ്ങളാണെന്നും വിനീത് ചൂണ്ടിക്കാട്ടി.
"നമുക്ക് ആരെയും വേദനിപ്പിക്കാത്ത, വിവാദങ്ങളില്ലാത്ത സിനിമകളൊക്കെ മാത്രമേ ചെയ്യാൻ പറ്റൂ. അതാണ് യാഥാർത്ഥ്യം," വിനീത് കൂട്ടിച്ചേർത്തു. "കലാകാരന്മാർക്ക് അവരുടെ ആശയങ്ങൾ സ്വതന്ത്രമായി ആവിഷ്കരിക്കാനുള്ള സാഹചര്യം ഒരുക്കണം. സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചാൽ മാത്രമേ നിലവാരമുള്ളതും ശക്തമായ വിഷയങ്ങളുള്ളതുമായ സിനിമകൾ ഉണ്ടാകൂ." - എന്നും വിനീത് ഓർമ്മിപ്പിച്ചു.
വിനീത് ശ്രീനിവാസന്റെ ഈ വാക്കുകൾ ചലച്ചിത്രലോകത്ത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സിനിമകൾക്ക് മേൽ വർദ്ധിച്ചുവരുന്ന സാമൂഹിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ഒരു തുറന്നുപറച്ചിലായാണ് പലരും ഈ പ്രസ്താവനയെ കാണുന്നത്.