
നടി ഷംന കാസിമിന്റെ ഡാൻസ് വിഡിയോ ശ്രേദ്ധേയമാകുന്നു. ഷംന ഡാൻസ് സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ചെയ്യുന്ന ഡാൻസ് വിഡിയോ ആണ് വൈറലാകുന്നത്. ‘കൗരവർ’ സിനിമയിലെ ‘കനക നിലാവേ തുയിലുണരൂ’ എന്ന ഗാനത്തിനാണ് വിദ്യാർഥികൾക്കൊപ്പം ഷംന ചുവടുവയ്ക്കുന്നത്.
ഓടി നടന്ന് കളിക്കുന്ന ഡാൻസ് ഒറ്റ ഷോട്ടിലെടുത്തതാണെന്ന് വിഡിയോയ്ക്ക് താഴെ പറയുന്നുണ്ട്. ‘ഞങ്ങളുടെ സെമിക്ലാസിക്കൽ ടീം അത് നന്നായി ചെയ്തു. വിഡിയോയ്ക്ക് പിന്നിൽ അഭിനിവേശം, കൃത്യത, പ്രകടനം മാത്രമാണുള്ളത്. ഞങ്ങൾ വന്നു, നൃത്തം ചെയ്തു, ഗംഭീരമാക്കി!’ എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വിഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. നന്നായി ചെയ്തു എന്നാണ് ആരാധകർ പറയുന്നത്. ഒറ്റ ഷോട്ടിൽ വിഡിയോ പകർത്തിയ ക്യാമറമാനെ അഭിനന്ദിച്ച് കമന്റുകളുണ്ട്. ‘നൈസ്’, ‘സൂപ്പർ’, ‘അടിപൊളി’, ‘ഗംഭീരം’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള മറ്റ് ചില കമന്റുകൾ.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം. 20 വർഷത്തിലേറെയായി സിനിമാ മേഖലയിൽ തുടരുന്ന താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022 ൽ വിവാഹ ശേഷം ഷംന അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഡാൻസ് ഷോകൾ ചെയ്യാറുണ്ട്. ദുബായിൽ സ്വന്തമായി ഡാൻസ് സ്റ്റുഡിയോയും നടത്തുന്നുണ്ട്.