
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് യൂണിവേഴ്സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതിലെ ഏറ്റവും പുതിയ ചിത്രം 'വാര്‍ 2' ഇന്നലെ തിയേറ്ററുകളിലെത്തിയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോൾ സമ്മിശ്രപ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ വിഎഫ്എക്‌സിനും തിരക്കഥയ്ക്കും വലിയ വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെ 'സിക്‌സ് പാക്ക് സീന്‍' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
സിനിമയിലെ ജൂനിയര്‍ എന്‍ടിആറിന്റെ ഇന്‍ട്രോ സീനില്‍ നടന്‍ തന്റെ സിക്‌സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാല്‍ ഈ സിക്‌സ് പാക്ക് വിഎഫ്എക്‌സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഈ സീനില്‍ നടന്റെ തല വെട്ടിയൊട്ടിച്ചതാണെന്നും ഇത് മോശമായി പോയി എന്നുമാണ് കമന്റുകള്‍. ഇതിലും ഭേദം ആദിപുരുഷാണെന്നും പലരും തമാശരൂപേണ എക്‌സില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നായകന്മാരാകുമ്പോള്‍ സിക്‌സ് പാക്ക് വേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പര്‍താരങ്ങള്‍ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനായില്ല എന്നും പലരും കുറിക്കുന്നുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടീസറിനും ട്രെയിലറിനും മറ്റ് അപ്‌ഡേറ്റുകള്‍ക്ക് എല്ലാം നെഗറ്റീവ് കമന്റുകളിയിരുന്നു ലഭിച്ചിരുന്നത്. വി എഫ് എക്‌സ് നിരാശയാണെന്നും എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് മികച്ചു നില്‍ക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. സിനിമയിലെ ചില സീനുകള്‍ക്ക് ട്രോളും ലഭിക്കുന്നുണ്ട്.
സ്‌പൈ യൂണിവേഴ്‌സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്‌ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഹൃതിക് റോഷന്‍ എന്‍ ടി ആര്‍ ഫൈറ്റ് സീനുകള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.