
അനശ്വര രാജൻ നായികയായെത്തിയ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒ.ടി.ടി റിലീസിന്. മനോരമ മാക്സിലൂടെ ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
തിരുവനന്തപുരത്തെ ഒരു ചെറിയ പ്രദേശത്താണ് കഥ മുഴുവന്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. റഹീം അബൂബക്കറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓരോ വീട്ടിലും സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെപോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിക്കുന്നുണ്ട്.
എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. 'വാഴ'ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.