
പ്രമുഖ സംഗീതജ്ഞനായിരുന്ന വി.എസ്. കൃഷ്ണൻ ഭാഗവതരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സംഗീത പുരസ്കാരം പിന്നണി ഗായിക ലതികയ്ക്ക് നൽകും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മുന്നൂറിലധികം ചിത്രങ്ങളിൽ പാട്ടുപാടി, മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് ലതിക.
പതിനാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഗായികയാണ് ലതിക. ‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്. 'കാതോടു കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതർ പാടി', 'നീയെൻ സർഗസൗന്ദര്യമേ' തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതികയാണ്.
കൃഷ്ണൻ ഭാഗവതർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് പള്ളുരുത്തി ധന്വന്തരിഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി സമ്മാനിക്കും. ട്രസ്റ്റ് പ്രസിഡന്റ് വി.കെ. പ്രകാശൻ അധ്യക്ഷത വഹിക്കും.