
തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ വിശാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയവും നടന്നതെന്ന പ്രത്യേകതയും ഉണ്ട്.
തമിഴ്നാടിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പരസ്പരം ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. കൂടാതെ ഇരുവരും പരസ്പരം വിരലുകളിൽ മോതിരം അണിയിക്കുന്നതിന്റേയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രവുമുണ്ട്. വിവാഹനിശ്ചയം അറിയിച്ചുകൊണ്ടുള്ള വിശാലിന്റെ എക്‌സ് പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്.
"എന്റെ ജന്മദിനത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തനിക്ക് ആശംസകളും ആശീർവാദങ്ങളും അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. സായ് ധൻസികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാർത്തയും ഇതോടൊപ്പം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം വേണം." -ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിശാൽ കുറിച്ചു.
തമിഴിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സായ് ധൻസിക. 1989-ൽ തഞ്ചാവൂരിൽ ജനിച്ച സായ് ധൻസിക, 2006-ൽ പുറത്തിറങ്ങിയ 'മനതോട് മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2009-ൽ കന്നഡയിൽ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായ 'സോളോ'യിലൂടെ മലയാളത്തിലും പ്രിയങ്കരിയായി മാറിയ നടിയാണ് സായ്.