
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. സിനിമയിൽ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യിലൂടെ വൈറലായ തൃശൂർ സ്വദേശി ഷിബിൻ എസ്. രാഘവും. 'കാട്ടാളൻ' ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നത്.
ഒരു ഡയലോഗ് പോലും ഇല്ലാതെ ഒറ്റ സീനിൽ എത്തി 'ലോക'യിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചയാളാണ് ചിത്രത്തിലെ ഈ പേരില്ലാത്ത കഥാപാത്രം. ചിത്രത്തിൽ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫ്ലാറ്റിലെ ഈ കഥാപാത്രത്തെ ഏവരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ഹൈദരാബാദിൽ വച്ചു നടന്ന 'ലോക'യുടെ വിജയാഘോഷത്തിനിടയിൽ തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകൻ നാഗ് അശ്വിൻ ‘ലോക’യുടെ സംവിധായകൻ ഡൊമിനിക് അരുണിനോട് ചോദിച്ചതു പോലും ഈ കഥാപാത്രത്തെക്കുറിച്ചായിരുന്നു. ഈ കഥാപാത്രത്തിന് ഒരു സ്പിന്നോഫ് ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. 'ലോക'യ്ക്ക് പിന്നാലെ 'കാട്ടാളനി'ലൂടെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷിബിൻ എസ്. രാഘവ്.
മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് അടുത്തിടെ 'കാട്ടാളൻ' സിനിമയുടെ പൂജ നടന്നിരുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആൻ്റണി വർഗ്ഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. 'എആർഎം' സംവിധായകൻ ജിതിൻ ലാലാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി