

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിലെ ആദ്യ ഗാനം പുറത്ത്. ‘അപ്പ’ എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകരുടെ മനംനിറയ്ക്കുന്നതാണെന്നാണ് പ്രതികരണം. വിന്റേജ് മോഹൻലാലിനെ എഐ ഉപയോഗിച്ച് ഗാനത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ആരാധകരുടെ കയ്യടി ലഭിക്കുന്നതും ഈ എഐ ഭാഗങ്ങൾക്കാണ്. കന്നഡ സംവിധായകൻ നന്ദകിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് വൃഷഭ എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ‘അപ്പാ’ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് മധു ബാലകൃഷ്ണനാണ്. ഗായകന്റെ ശബ്ദത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പാട്ട് കേട്ടതോടെ ‘വൃഷഭ’യിൽ ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങിയെന്ന് ആരാധകർ പറയുന്നു.
നവംബർ ആറിന് ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ 25 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏകദേശം 200 കോടി രൂപ ബജറ്റിൽ വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വൃഷഭ’. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.