
ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, രാജേഷ് മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് ‘ധീരൻ’. വിന്റേജ് നായകന്മാർ അണിനിരന്ന ഈ കോമഡി- ആക്ഷൻ ഡ്രാമ ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ജൂലൈ നാലിന് റിലീസായ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റിലൂടെയാണ് ‘ധീരൻ’ ഒടിടിയിലെത്തുന്നത്. ആഗസ്റ്റ് 22 മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.
‘ഭീഷ്മപർവം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രചയിതാവായ ദേവദത്ത് ഷാജിയാണ് ‘ധീരൻ’ സിനിമ സംവിധാനം ചെയ്തത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
രാജേഷ് മാധവൻ നായകനായെത്തിയ ചിത്രത്തിൽ അശ്വതി മനോഹരനാണ് നായിക. വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകൻ ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരൻറെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഫിൻ ജോർജ്ജ് വർഗീസ് ആണ്. മുജീബ് മജീദാണ് സംഗീത സംവിധാനം.