

വിനീത് ശ്രീനിവാസൻ തിര എന്ന സിനിമയ്ക്ക് ശേഷം ഒരുക്കിയ ത്രില്ലർ ചിത്രമാണ് കരം. നോബിൾ ബാബു തോമസ് നായകനായെത്തിയ ചിത്രം പതിവ് വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിന്നെങ്കിലും പ്രേക്ഷകർ അതിനെ ഏറ്റെടുത്തില്ല. സെപ്റ്റംബർ 25ന് കരം തിയറ്ററുകളിൽ എത്തിയെങ്കിലും ബോക്സ്ഓഫീസിൽ വൻ പരാജയമായിരുന്നു. ഇപ്പോൾ കരം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മനോരമ മാക്സാണ് കരം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ 7 മുതൽ മാനോരമ മാക്സിൽ സംപ്രേഷണം തുടങ്ങും.
മെറിലാൻഡ് സിനിമാസിൻ്റെയും ഹാബിറ്റ് ഓഫ് ലൈഫിൻ്റെയും ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനും സംവിധായകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് കരം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്ന നോബിൾ ബാബു തോമസാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. ഇന്ത്യക്ക് പുറമെ ജോർജിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്.
നായകനായെത്തുന്ന നോബിളിന് പുറമെ, മനോജ് കെ ജയൻ, ജോണി ആൻ്റണി, ബാബുരാജ്, കലാഭവൻ ഷാജോൺ തുടങ്ങിയ നിരവധി വിദേശതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്ക് പുറമെ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ജോമോൺ ടി ജോൺ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിട്ടുള്ളത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. അരുൺ കൃഷ്ണയാണ് ആർട്ട് ഡയറക്ടർ.