
മെറിലാൻഡ് സിനിമാസിനോടൊപ്പം ത്രില്ലർ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ഒന്നിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് നോബിൾ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻറെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്.
മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് മറ്റൊരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രി പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ നടന്നത്.
പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ ഉടൻ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിൻറെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്. ‘ജേക്കബിൻറെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലൻറെ രചയിതാക്കളിൽ ഒരാളായിരുന്നു. ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആൻറണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സംവിധായകൻ കെ. മധുവിൻറെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.