കൊച്ചി : നിര്‍മാതാക്കളുടെ സംഘടനയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകനും നിര്‍മാതാവുമായ വിനയന്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലായിരുന്നു എന്ന് പറഞ്ഞ വിനയന്‍ തന്റെ നോമിനേഷനെ പിന്തുണച്ചയാള്‍ക്ക് പോലും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആരോപിച്ചു. ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ....
ഇന്നലെ നടന്ന സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനാ തിരഞ്ഞടുപ്പില്‍ നിലവിലുള്ള ഭാരവാഹികളുടെ പാനല്‍ വിജയിച്ചു..
വീണ്ടും അധികാരത്തല്‍ എത്തിയ സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
ഇന്നലത്തെ യോഗത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിച്ച കെഎഫ്‍പിഎയുടെ സ്ഥാപകരില്‍ ഒരാളായ
ഡോക്ടര്‍ ഷാജഹാന്റെ വാക്കുകളാണ് ഞാനിവിടെ ശ്രദ്ധയില്‍ പെടുത്തുന്നത്....
അന്ന് ഈ സംഘടന ഉണ്ടാക്കുമ്പോള്‍ ഇങ്ങനെ ഏകപക്ഷീയമായി ഒരു ചെറിയ വിഭാഗം മാത്രം സ്ഥിരം ഭരിക്കുന്ന അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ലന്നും.. ഇന്നത്തെ പാനല്‍ സമ്പ്രദായത്തിലൂടെ വീണ്ടും വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഒരു മാഫിയാ സംഘത്തെ പോലെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നെന്നും ശ്രീ ഷാജഹാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ സദസ്സ് നിശബ്ദമായി അതു കേട്ടിരുന്നു..
ഡയസ്സിലിരുന്ന ഭാരവാഹികളാരും ഒരക്ഷരം എതിര്‍ത്തില്ല.
അവര്‍ക്ക് അതൊരപ്രിയ സത്യമാണല്ലോ..
എങ്കിലും ഡോക്ടര്‍ ഷാജഹാന്റെ അഭിപ്രായം ഞങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കും എന്നു പറഞ്ഞ് ഭാരവാഹി തടിതപ്പി..
എന്നാല്‍ ആ സംസാരം കഴിഞ്ഞ് നടന്ന ഇന്നലത്തെ തിരഞ്ഞെടുപ്പും പൂര്‍ണ്ണമായും ജനാധി പത്യ പരമല്ലായിരുന്നു എന്നതാണ് സത്യം.. കാഴ്ചയില്‍ ജനാധിപത്യ പരമെന്നു തോന്നുമെങ്കിലും.. അധികാരം നിലനിര്‍ത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ ഇന്നലെയും നടന്നു.. എന്റെ നോമിനേഷന്‍ സെക്കന്‍ഡ് ചെയ്ത ഒരു ചെറുപ്പക്കാരനു പോലും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനു കാരണം ഇത്തരം ചില നീക്കങ്ങളാണന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി..
ഞങ്ങളാണ് അധികാരത്തിലിരിക്കുന്നത്.. ഇനിയും ഞങ്ങളു തന്നെ ആണ് അധികാരത്തില്‍ വരുന്നതെന്ന ഭീഷണി നടത്തിയുള്ള വോട്ടു പിടുത്തം ഒരിക്കലും ജനാധിപത്യപരമായ തിരഞ്ഞെടപ്പ് ആവില്ല.
പിന്നെ സാമ്പത്തികമാണങ്കില്‍
പറയേണ്ട കാര്യവും ഇല്ലല്ലോ? പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമകള്‍ക്ക് പലിശയ്ക് പണം നല്‍കുന്ന ഫണ്ടര്‍ ശ്രീ ആര്‍ ബി ചൌധരി ആദ്യമായി ഇന്നലെ ഫ്‌ലൈറ്റ് പിടിച്ച് വോട്ടു ചെയ്യാന്‍ ഇവിടെ വന്നതും ഭരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിക്കുന്നതും കണ്ടപ്പോള്‍ അതു മറ്റുള്ള നിര്‍മ്മാതാക്കള്‍ക്ക് ഒരു സന്ദേശമായിരുന്നു..
സമസ്ത മേഘലകളിലും ഞങ്ങടെ ആധിപത്യം എത്ര വലുതാണന്നു കാണിക്കുന്ന സന്ദേശം.
അതില്‍ കുഴപ്പമൊന്നും ഞാന്‍ കാണുന്നില്ല അതവരുടെ കഴിവാണ്..
പക്ഷേ ഇത്രയും കഴിവുള്ളവര്‍ സ്ഥിരം കസേരയില്‍ ഇരിക്കാന്‍ സംഘടനയെ ഭീഷണിയും പ്രലോഭനങ്ങളും കൊണ്ട് ഡോക്ടര്‍ ഷാജഹാന്‍ പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടോ? അതാണ് വലിയ ചോദ്യം..
എന്റെ നിലപാടുകളോടു യോജിച്ച് നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ നിര്‍മ്മാതാവ് തന്റെ നിസ്സഹായത തുറന്നു പറഞ്ഞ് മറുകണ്ടം ചാടിയതും ..
ഇലക്ഷന്‍ പ്രവര്‍ത്തനത്തിലൊക്കെ എന്റെ
കൂടെ നിന്നിരുന്ന മറ്റൊരു സീനയര്‍ നിര്‍മ്മാതാവ് ഭയത്തോടെ പെട്ടെന്ന് നിശബ്ദനായതും ആ ഭയം എന്നോടു പറഞ്ഞതും ഡോക്ടര്‍ ഷാജഹാന്‍ പറഞ്ഞ വാക്കുകളുടെ ആഴത്തിലേക്ക് ചിന്തിപ്പിക്കുന്നതാണ്.. ഒരു പതിറ്റാണ്ടിനു മുന്‍പ് അഞ്ഞൂറിനടുത്ത അംഗങ്ങള്‍ ഉണ്ടായിരുന്നു കെഎഫ്‍പിഎയില്‍ ..
ഇന്നത് മുന്നുറിലേക്ക താഴ്ന്നിരിക്കുന്നു..
ഇതിനിടയില്‍ കുറഞ്ഞത് മുന്നൂറു പേരെങ്കിലും പുതിയ നിര്‍മ്മാതാക്കളായി ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് വന്നു കാണും..
അപ്പോള്‍ കുറഞ്ഞത് എണ്ണൂറു പേരെങ്കിലും അംഗങ്ങള്‍ ഉണ്ടാകേണ്ട നിര്‍മ്മാതാക്കളുടെ സംഘടന എങ്ങനെ ഇത്ര ശുഷ്‌കമായി?
എന്നും തങ്ങളുടെ കൈയ്യില്‍ സംഘടന സ്ഥിരമായി നില്‍ക്കാനുള്ള ഗൂഡമായ ചിലരുടെ നീക്കത്തിന്റെ ഭാഗമല്ലേ ഇത്?
ഭാരവാഹികള്‍ക്ക് എതിരായിട്ടു വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പുറത്താക്കിയ നിരവധി അംഗങ്ങളുണ്ട്.. ചിലരൊക്കെ കോടതിയില്‍ പോയി കേസു പറഞ്ഞ് തിരിച്ചു കയറി..
ഏതു സംഘടനയിലും വാര്‍ഷിക വരി സംഖ്യ അടയ്കാന്‍ താമസിച്ചാല്‍ ഫൈനോടു കൂടി അതടയ്കാവുന്ന സംവിധാനമുണ്ട്..
പക്ഷേ..തങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്തവര്‍ വരിസംഖ്യ അടച്ചിട്ടില്ലങ്കില്‍ ഒരു റിമൈന്‍ഡര്‍ പോലും കൊടുക്കാതെ അതു കാത്തു നിന്ന മാതിരി അവരെ ഒഴിവാക്കുന്നു എന്ന വ്യാപകമായ പരാതി ഉണ്ട്..
സാധാരണയായി സംഘടനയുടെ വളര്‍ച്ചയ്ക് പുതിയ അംഗങ്ങളെ ചേര്‍ക്കനാണ് ഏത് അസ്സോസിയേഷനും ശ്രമിക്കാറുള്ളത്.
പക്ഷേ കെഎഫ്‍പിഎയില്‍
കേരളത്തില്‍ പുതുതായി നിര്‍മ്മാതാക്കളാവുന്നവരെ സംഘടനയില്‍ ചേര്‍ക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കാറില്ല ..
രണ്ടും മൂന്നും സിനിമകള്‍ ചെയ്തവരോടു പോലും മെമ്പര്‍ ഷിപ്പ് എടുക്കുന്നില്ലേ എന്ന് ആരും ചോദിക്കാറില്ല..
അഥവാ ആരേലും വന്നാല്‍ പോലും പതിനായിരം രൂപയുടെ താല്‍ക്കാലികമായ വോട്ടില്ലാത്ത അംഗത്ത്വം കൊടുത്ത് അവരെ ഒഴിവാക്കും..
തങ്ങള്‍ക്കെതിരെ സംഘടിതമായി ഒരു വിമര്‍ശനം ഉണ്ടാവാതിരിക്കാനും..
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യുന്നവരെ മാത്രമായി കേന്ദ്രീകരിക്കാനുമുള്ള അതീവ ബുദ്ധിപരമായ ഗൂഢോദ്ദേശമാണിതെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ ? ഇനിയും ഇന്നലത്തെ ജനറല്‍ ബോഡിയിലേക്കു വന്നാല്‍... രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട യോഗം തുടങ്ങുന്നതു തന്നെ രാവിലെ 11 മണി കഴിഞ്ഞാണ്..
ഒരു മണിക്ക് യോഗം നിര്‍ത്തി തിരഞ്ഞെടുപ്പിലേക്കു പോകണം എന്ന് ആദ്യമേ തന്നെ അദ്ധ്യക്ഷന്‍ പറയും.. കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും പിന്നൊരാദരിക്കലും ഒക്കെയായി 12.30 വരെ എങ്ങനേയും യോഗം നീട്ടിക്കൊണ്ടു പോകും..പിന്നെയുള്ള അരമണിക്കൂറിലാണ് സെക്രട്ടറി രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും
ട്രഷറര്‍ കണക്കവതരിപ്പിക്കുന്നതും എല്ലാം..
ഇനി ഒന്നര വരെ സമയംനീട്ടിയാലും അംഗങ്ങള്‍ കൊടുത്ത ചോദ്യങ്ങള്‍ വായിക്കാനോ ഉത്തരം കൊടുക്കാനോ സമയം കിട്ടില്ലല്ലോ?
അങ്ങനെ ഒന്നിനും ഉത്തരം നല്‍കാതെ ചുളുവില്‍ രക്ഷെപടാനുള്ള ഈ പദ്ധതി കഴിഞ്ഞ കുറേ കൊല്ലങ്ങളായി ജനറല്‍ ബോഡിയില്‍ അരങ്ങേറുന്നതാണ്..
ഭാരവാഹികള്‍ ഇടയ്കിടെ അവരുടെ മഹത്വത്തെ പ്പറ്റിയും സത്യ സന്ധതയെ പ്പറ്റിയും പറഞ്ഞു കൊണ്ടിരിക്കും.. അപ്പോഴെല്ലാം കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന
സ്ഥിരം ഉത്സാഹകമ്മിറ്റിയുടെ പ്രോത്സാഹനം കൂടി ആകുമ്പോള്‍ ഈ കമ്മിറ്റി ഒരു മഹാസംഭവമാണെന്ന പ്രതീതി സ്വയം ഉണ്ടാക്കി യോഗം ഭക്ഷണത്തിനായി പിരിയും..
പുതിതായി രൂപീകരിച്ച കണ്ടന്റ് മാസ്റ്റര്‍ കമ്പനിയുടെ പേരില്‍ കെഎഫ്‍പിഎ എന്ന് എഴുതിയിട്ടുണ്ടെന്നല്ലാതെ യാതൊരു രീതിയിലും അതിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ കെഎഫ്‍പിഎക്ക് നിയന്ത്രിക്കാന്‍ നിയമപരമായി കഴിയില്ലന്ന് കമ്പിനിയുടെ മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍ ചൂണ്ടിക്കാട്ടി തെളിവുകള്‍ സഹിതം ശ്രീ പ്രകാശ് ബാരെ പറഞ്ഞു.. അതു വായിച്ചിരുന്ന എനിക്കും ആ സംശയം തോന്നിയിരുന്നു..
പിഡിസി കമ്പനി എന്ന ആശയം വളരെ നല്ലതാണ്..ഞാനതിനെ നിറഞ്ഞ മനസ്സോടെ സപ്പോര്‍ട്ട് ചെയ്തതാണ് ഇനിയും ചെയ്യും പക്ഷേ എന്തു നല്ല ആശയമാണങ്കിലും ഒരു അസ്സോസിയേഷന്റെ കീഴില്‍ കമ്പനി ഉണ്ടാക്കുമ്പോള്‍ ആ അസ്സോസിയേഷന് ആ ഡയറക്ടര്‍ ബോര്‍ഡിനെ നിയമപരമായി നിയന്ത്രിക്കാന്‍ കഴിയും എന്ന രേഖ വേണ്ടതല്ലേ എന്ന ചോദ്യത്തിന് കൃത്യമായ മുപടി നല്‍കുന്നതിനു പകരം ഞങ്ങളാരും ഒരു രൂപയുടെ അഴിമതി നടത്തുന്നവരല്ല എന്നു പറയുന്നതാണോ അതിനുത്തരം..?
അത്രയുമെങ്കിലും ആ ഒരു മാറ്ററിനെ കുറിച്ചു മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞുള്ളൂ..
അതും പൂര്‍ത്തിയാക്കാന്‍ കഴിയാതെ മറ്റ് നിരവധി ചോദ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ ഇലക്ഷനെ നേരിടാന്‍ ആ കമ്മിറ്റിക്ക് ആയത് കൃത്യമായ ഒരു ഗൂഢാലോചന ആയിരുന്നു..
ഒരു കാര്യത്തില്‍ ഞാന്‍ അദ്ധ്യക്ഷനെ അഭിനന്ദിക്കുന്നു..
ശ്രീമതി സാന്ദ്രാ തോമസിനെ വ്യക്തിപരമായി അധിഷേപിക്കാന്‍ എഴുന്നേറ്റ ഒരു ഭാരവാഹിയെ അതില്‍നിന്നു പിന്തിരിപ്പിച്ചത് നന്നായി... അല്ലങ്കില്‍ ആ പൊതുയോഗം ഒരു കൌരവ സദസ്സായി മാറിയേനെ..
സിനിമാ സംഘടനകളില്‍ മറ്റൊരിടത്തും കാണാത്തവിധം വേട്ടൊന്നും ഇല്ലാത്ത ഫെഫ്കയുടെ അംഗങ്ങളെയും അമ്മയുടെ അംഗങ്ങളെയും ഇന്നലെ വോട്ടിംഗ് ഹാളില്‍ കണ്ടു...
ഒരു ഭാരവാഹിയും വോട്ടിംഗ് ഹാളില്‍ അതിനെ നിയന്ത്രിച്ചു കണ്ടില്ല..
പ്രൊഡ്യൂസേഷ്‌സ് അസ്സോസിയേഷന്‍ സ്വന്തം വ്യക്തിത്വത്തെ ചില സംഘടനകള്‍ക്കു മുന്നില്‍ അടിയറ വയ്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ ഈ കാഴ്ച്ച പ്രസക്തമാണ്..