

രാജ്യത്തെ സൈനികർ ഡ്രഗ് ഉപയോഗിച്ചാണ് യുദ്ധം ചെയ്യുന്നതെന്ന വിവാദ പ്രസ്താവനയുമായി നടൻ വിനായകൻ. ജീവിതത്തെ ഒരു യുദ്ധമായി താരതമ്യം ചെയ്‌ത വിനായകൻ താനൊരു ‘മുൻനിര പോരാളി’ ആയതുകൊണ്ട് ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും കടുത്ത ഏകാന്തതയും നിരാശയും കാരണം താൻ മദ്യപാനം ശീലമാക്കിയെന്നും പറഞ്ഞു. പൊതുസമൂഹത്തോടുള്ള ബഹുമാനം കൊണ്ടാണ് പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതെന്നും താരം കൂട്ടിച്ചേർത്തു. ‘കളങ്കാവൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ വിവാദ പരാമർശങ്ങൾ.
“നിങ്ങൾ പറയുന്നതുപോലെ ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ഒരു പെൺകുട്ടിയുമായി ജീവിക്കണമെന്നും ഒരു ഡിന്നറിനു പോകണമെന്നും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്, തിയറ്ററിൽ പോയി സിനിമ കാണണമെന്നും ആഗ്രഹമുണ്ട്. ഇതൊന്നും നടക്കാത്തത് എൻ്റെ കുഴപ്പം തന്നെയാണ്. ഞാൻ ആരോടും സോറി പറയേണ്ട കാര്യമില്ല. പക്ഷേ ഇതൊന്നും എന്നെക്കൊണ്ട് പറ്റുന്നില്ല. സമൂഹത്തോട് ബഹുമാനം ഉള്ളതുകൊണ്ടാണ് ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നത്. ഞാൻ പുറത്തിറങ്ങിയാൽ പത്തുപേര് എന്നെ തോണ്ടും ഞാൻ പ്രശ്നം ഉണ്ടാക്കും. ഞാൻ ഭയങ്കരമായി മദ്യപിക്കും. തലയിലെ ഡാർക്ക് കളയാൻ ബെസ്‌റ്റ് കള്ളാണ്. കള്ളു കുടിക്കുമ്പോൾ ഞാൻ ഹാപ്പി ആയി ഇരിക്കും. എനിക്കും സന്തോഷിക്കണ്ടേ. കുറെ കള്ളുകുടിക്കും കിടന്നുറങ്ങും. എല്ലാം ഉണ്ടായിട്ടും പുറത്തിറങ്ങാൻ പറ്റിയില്ലെങ്കിൽ എന്ത് ജീവിതമാണ്. അതിനേക്കാൾ നല്ലത് ഒരാളെ കൊന്നിട്ട് ജയിലിൽ പോയി കിടന്നുകൂടെ. എന്നെ മനസ്സിലാക്കുന്ന ആളുകളും ഈ സമൂഹത്തിൽ ഉണ്ട്. ഇന്നലെ എൻ്റെ പടത്തിൻ്റെ പോസ്‌റ്റർ വന്നപ്പോ ഒറ്റ ആള് പോലും മോശം കമൻ്റ് ഇട്ടിട്ടില്ല. 'കമോൺ ചേട്ടാ' എന്നാണ് കമന്റുകൾ, അത് കണ്ട് ഞാൻ ഇമോഷനലായിപ്പോയി. എന്നെ രണ്ടു ചീത്ത പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല, പക്ഷേ സ്നേഹത്തോടെ വിളിക്കുമ്പോൾ ഞാൻ വീക്ക് ആയിപ്പോകും.” - വിനായകൻ പറഞ്ഞു.
“ജീവിതം ഒരു യുദ്ധമാണ്. ഞാൻ അത് മുൻപും പറഞ്ഞിട്ടുണ്ട്. ആ യുദ്ധത്തിൽ ലഹരി കൂടി വേണം. പട്ടാളത്തിൽ ലഹരി ഇല്ലേ. നിങ്ങൾ അന്വേഷിച്ചു നോക്കൂ, ഇന്ത്യൻ പട്ടാളക്കാരോടും ഇസ്രായേൽ പട്ടാളക്കാരോടും ചോദിച്ചു നോക്കൂ, മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്നവർ ഡ്രഗ് അടിച്ചിട്ടാണ് പോകുന്നത്. എനിക്ക് എന്തും ഉപയോഗിക്കാം. ഞാൻ എന്ത് തെറ്റ് ചെയ്‌താലും എൻ്റെ ഇൻഡസ്ട്രി എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്. എൻ്റെ ഇൻഡസ്ട്രി ആണ് എനിക്ക് ഏറ്റവും സ്വാതന്ത്ര്യം തരുന്നത്. എന്റെ ജീവിതത്തിൽ എന്നെ കൺട്രോൾ ചെയ്യാൻ ആർക്കും പറ്റിയിട്ടില്ല. സർക്കാർ വരെ എന്നെ തുറന്നു വിട്ടിരിക്കുകയാണ്. നാക്കിൽ പിഴ ഉണ്ടായിരിക്കാം, പക്ഷേ എന്നിൽ എവിടെയോ ഒരു സത്യമുണ്ട്. പറയുന്നത് തെറ്റിയാലും ചിന്തകൾ ശരിയാണ്. മനുഷ്യരെ പൊട്ടനാക്കി ജീവിക്കുന്നവരെക്കുറിച്ച് എഴുതണം. ഞാൻ ഒരു സിനിമാനടൻ ആണെന്ന് പറഞ്ഞ് ബെൻസ് കാറ് എടുത്ത് വീട്ടിൽ ചെന്നിരുന്നാൽ പോരാ സമൂഹത്തിനു വേണ്ടി സംസാരിക്കണം. സംസ്കൃതത്തിൽ ഉള്ളത് പച്ച മലയാളത്തിൽ പറഞ്ഞാൽ അത് അസഭ്യമായി തോന്നിയാൽ അത് വിനായകൻ ഇനിയും തുടരും. അല്ലെങ്കിൽ നിങ്ങൾ എന്നെ വെടിവച്ച് കൊല്ല്. ഇംഗ്ലിഷിൽ അമ്മക്ക് വിളിച്ചാൽ കുഴപ്പമില്ല. മലയാളത്തിൽ അമ്മക്ക് വിളിച്ചാൽ പ്രശ്‌നമായി, അതെന്താ അങ്ങനെ. എൻ്റെ ജീവിതം ഹോമിക്കാൻ ഞാൻ തയാറാണ്. ഞാൻ ഇനിയും ഈ രാജ്യത്തിന് വേണ്ടിയും സമൂഹത്തിനു വേണ്ടിയും സംസാരിക്കും.” - വിനായകൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.