പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ നൽകിയത് വിനായക് ശശികുമാർ; നന്ദി പറഞ്ഞ് 'ലോക' ടീം | LOKA

അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'
LOKA
Published on

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത് ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി തിരുത്തിക്കൊണ്ട് പ്രദർശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ നിർദേശിച്ചതിന് പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാറിന് നന്ദി പറയുകയാണ് 'ലോക' ടീം.

ചിത്രത്തിന്റെ കഥയോടും, ഈ സിനിമാറ്റിക് യൂണിവേഴ്സിനോടും ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്നതും, ഈ യൂണിവേഴ്സിന്റെ സ്പിരിറ്റ് പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുന്നതുമായ മനോഹരമായ ഒരു പേരാണ് 'ലോക' എന്നും ആ പേര് ഈ സിനിമാറ്റിക് യൂണിവേഴ്സിനായി നിർദേശിച്ച വിനായക് ശശികുമാറിന് നന്ദി അറിയിക്കുന്നുവെന്നും 'ലോക' ടീം അറിയിച്ചു.

അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'. ചിത്രത്തിന്റെ ടൈറ്റിൽ നിർദേശിച്ചത് കൂടാതെ ചിത്രത്തിലെ 'ശോക മൂകം' എന്ന ഹിറ്റ് ഗാനത്തിന് വരികൾ രചിച്ചതും വിനായക് ശശികുമാർ ആണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും സൂപ്പർ ഹിറ്റാണ്.

കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ഈ ഫാന്റസി യൂണിവേഴ്സിന്റെ അടുത്ത ഭാഗങ്ങളിൽ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളെയും അടുത്തിടെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തി. 'മൂത്തോൻ' ആയി മമ്മൂട്ടി, 'ഒടിയൻ' ആയി ദുൽഖർ സൽമാൻ, 'ചാത്തൻ' ആയി ടോവിനോ തോമസ് എന്നിവർ ഈ യൂണിവേഴ്സിന്റെ വരും ചിത്രങ്ങളിലെത്തും. ദുൽഖർ, ടോവിനോ എന്നിവരുടെ അതിഥി വേഷങ്ങളും 'ലോക'യുടെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം ഗംഭീര റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും വമ്പൻ തരംഗം സൃഷ്ടിച്ചാണ് ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com