‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം | Vilayath Buddha

ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്, ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും.
Vilayath Buddha
Published on

പൃഥ്വിരാജ് ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിലെത്തും. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന ‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com