

പൃഥ്വിരാജ് ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്. യുഎ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോടെയുള്ള പോസ്റ്റര്‍ പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കാടും നാടും വിറപ്പിച്ച ഡബിള്‍ മോഹനന്റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്ന് ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്. ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്.
ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷന്‍ സീനുകളും അഭിനയമുഹൂര്‍ത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. ഡബിള്‍ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്.
പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.