ചെന്നൈ : 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തത്തിന് പിന്നാലെ ആദ്യമായി വീഡിയോ സന്ദേശവുമായി ടി വി കെ അധ്യക്ഷനും നടനുമായ വിജയ് രംഗത്തെത്തി. വളരെ വൈകാരികമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മനസ്സിൽ വേദന മാത്രമാണ് ഉള്ളതെന്നും, ഇത്രയും വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Vijay's response on Karur stampede )
തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ കാണാൻ എത്തിയതെന്നും, ആ സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും, ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിനെ സമീപിച്ചിരുന്നു എന്ന് വിജയ് വെളിപ്പെടുത്തി. പ്രസംഗിച്ചത് പോലീസ് അനുവദിച്ച സ്ഥലത്താണെന്നും, നടക്കാൻ പാടില്ലാത്തത് നടന്നുപോയെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
സത്യം പുറത്ത് വരുമെന്ന് പറഞ്ഞ അദ്ദേഹം, സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് സൂചനയും നൽകി. ഉടൻ തന്നെ എല്ലാവരെയും കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് ചോദിച്ചു.