
എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ വിജയ്‌യുടെ 'ഖുഷി' റീ റിലീസിന്. 4K ഡോൾബി അറ്റ്മോസിൽ ചിത്രം സെപ്റ്റംബർ 25 ന് വീണ്ടും തിയറ്ററിലെത്തും. വിജയ്, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2000ൽ പുറത്തിറങ്ങിയ ജനപ്രിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് ഖുഷി. എസ്.ജെ. സൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിൻ എന്നിവ റീ റിലീസ് ചെയ്യുകയും ബോക്സ് ഓഫീസിൽ നിന്നും ഗംഭീര കളക്ഷൻ നേടുകയും ചെയ്തിരുന്നു.
എസ്.ജെ. സൂര്യയുടെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു ഖുഷി. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'വാലി' വലിയ വിജയമായിരുന്നു. തുടർന്ന് വിജയ്‌യെയും ജ്യോതികയെയും വെച്ച് ഒരു റൊമാന്റിക് കോമഡി ഒരുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2000ന്‍റെ തുടക്കത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രണയം, അഹങ്കാരം, ചെറിയ തർക്കങ്ങൾ എന്നിവയെ വളരെ രസകരമായി അവതരിപ്പിച്ച് യുവജനങ്ങളുടെ ഇടയിൽ തരംഗമുണ്ടാക്കിയിരുന്നു. നായകനും നായികയും പരസ്പരം ഇഷ്ടമുണ്ടായിട്ടും അത് തുറന്നു പറയാൻ മടിക്കുന്നതും, അഹങ്കാരം കാരണം പിണങ്ങുന്നതും, ഒടുവിൽ ഒന്ന്ചേരുന്നതും വളരെ ആകർഷകമായ രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുളളത്.
വിജയ്‌യും ജ്യോതികയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്ക് നല്ല സ്വീകാര്യത ലഭിച്ചു. ഖുഷി വിജയ്‌യുടെ കരിയറിലെ ഒരു പ്രധാന വിജയചിത്രമായി മാറുകയും, റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരു പുതിയ ട്രെൻഡ് ആവുകയും ചെയ്തു. ദേവ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. കട്ടിപ്പുടി കട്ടിപ്പുടി, മേഘം കറുക്കയേ, ഒരു പൊണ്ണു, മഹാരശി തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. ഈ ഗാനങ്ങൾ സിനിമയുടെ വിജയത്തിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റൊമാന്റിക് ട്രാക്കിനൊപ്പം വിവേകിന്റെ കോമഡി ട്രാക്കും മികച്ചതായിരുന്നു. തമിഴിൽ വൻ വിജയമായ ഈ ചിത്രം പിന്നീട് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. തെലുങ്കിൽ പവൻ കല്യാൺ നായകനായെത്തിയ 'ഖുഷി'യും വലിയ വിജയമായിരുന്നു.