1996-ൽ വിജയ്‌യുടെ കരിയർ മാറ്റിമറിച്ച ‘പൂവേ ഉനക്കാഗ’ എന്ന ചിത്രമാണ് ഇവരെ ഒന്നിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദിക്കാനായി ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തിയതായിരുന്നു സംഗീത സ്വർണലിംഗം. ചെന്നൈ ഫിലിം സിറ്റിയിലെ ഷൂട്ടിങ്ങിനിടെയാണ് സംഗീത വിജയ്‌യെ കാണുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വിജയ് സംഗീതയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറെയും ശോഭയെയും സംഗീത പരിചയപ്പെട്ടു.
1999 ഓഗസ്റ്റ് 25-നായിരുന്നു ഇവരുടെ വിവാഹം. വിജയ് ക്രിസ്തുമത വിശ്വാസിയും സംഗീത ഹിന്ദുമത വിശ്വാസിയുമായിരുന്നിട്ടും കുടുംബങ്ങൾക്കിടയിൽ അത് പ്രശ്നമായില്ല. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമായിരുന്നു ഇത്രയും കാലം ഇവർ നയിച്ചിരുന്നത്.
വർഷങ്ങൾക്കിപ്പുറം വിവാഹേതര ബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി സംഗീത കോടതിയെ സമീപിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഈ പഴയ പ്രണയകഥകൾ വേദനയോടെയാണ് സിനിമാ പ്രേമികൾ പങ്കുവെക്കുന്നത്.
വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നാണ് സംഗീത ഹർജിയിൽ ആരോപിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടെത്തിയെന്നും ഇത് അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിരുന്നതായും ഹർജിയിൽ പറയുന്നു.ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും വിജയ് അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നതാണ് തന്നെ കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് സംഗീത വ്യക്തമാക്കുന്നു.
1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരമാണ് വിവാഹമോചനം തേടിയിരിക്കുന്നത്. ക്രൂരത, വിവാഹേതര ബന്ധം എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് ഈ ഹർജി.
കേസിൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 20-ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചു. 1999 ഓഗസ്റ്റ് 25-നായിരുന്നു ലണ്ടൻ മലയാളിയായ സംഗീതയുമായുള്ള വിജയ്‌യുടെ വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കുടുംബ ചടങ്ങുകളിൽ നിന്നും വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും സംഗീത വിട്ടുനിൽക്കുന്നത് വലിയ ചർച്ചയായിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് വിജയ്‌യോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

