
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹർജി എറണാകുളം സബ് കോടതി തള്ളിയതിന് പിന്നാലെ നിർമ്മാതാവ് വിജയ് ബാബുവും സംവിധായിക സാന്ദ്ര തോമസും സോഷ്യൽ മീഡിയ വഴി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഫേസ്‌ബുക്ക് കുറിപ്പുകൾ വഴിയാണ് പോരടിക്കുന്നത്.
ഇപ്പോൾ നിർമാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ബാബു മാനസികരോഗിയാണെന്നും ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടി അർഹിക്കുന്നില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ 25 വർഷത്തെ പാനൽ ഇന്ന് തകരുമെന്നും സാന്ദ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു. സാന്ദ്ര ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോ എന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തിയിരുന്നു.
"നിങ്ങളുമായുള്ള പാർട്ണർഷിപ്പ് ഇല്ലാതായി. നിങ്ങൾക്ക് പകരം മറ്റൊരാളെ ഞാൻ എടുത്തു. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാൻ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല, എനിക്ക് ഷൂട്ട് ഉണ്ട്. ബൈ." - എന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിരുന്നു.