ചെന്നൈ: തമിഴ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി അജിത്തിന്റെയും വിജയ്‌യുടെയും എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരേദിവസം വീണ്ടും തിയേറ്ററുകളിലേക്ക്. അജിത്തിന്റെ വൻ വിജയചിത്രം 'മങ്കാത്ത'യും വിജയ്‍യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'തെരി'യുമാണ് ജനുവരി 23-ന് റീ-റിലീസിനായി ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രണ്ട് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഒരേദിവസം തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.(Vijay-Ajith Kumar battle again in the box office)
വെങ്കട് പ്രഭു സംവിധാനം ചെയ്ത അജിത്തിന്റെ അമ്പതാമത്തെ ചിത്രമായ 'മങ്കാത്ത' 2011-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. അക്കാലത്ത് 24 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 74.25 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. യുവൻ ശങ്കർ രാജയുടെ സംഗീതവും ശക്തി ശരവണന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വലിയ വിജയത്തിന് കാരണമായി. അർജുൻ, തൃഷ, അഞ്ജലി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. റീ-റിലീസിന് മുന്നോടിയായി പുറത്തുവിട്ട ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിജയ്-അറ്റ്‌ലി കൂട്ടുകെട്ടിൽ പിറന്ന ആദ്യ സൂപ്പർഹിറ്റ് ചിത്രമാണ് 'തെരി'. 2016-ൽ റിലീസ് ചെയ്ത ഈ ചിത്രം ദളപതി ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. 75 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ തെരി ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ജനുവരി 23-ന് തമിഴ്‌നാട്ടിലുടനീളം വൻ ആഘോഷങ്ങൾക്കാണ് ആരാധകർ തയ്യാറെടുക്കുന്നത്.